എസ്ഡിപിഐയുടെ പിന്തുണയോടെ പത്തനംതിട്ടയിൽ സിപിഎം ചെയർമാൻ.
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ അഡ്വ. ടി. സക്കീർ ഹുസൈൻ (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയുടേതടക്കം മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് സക്കീർ ഹുസൈൻ ചെയർമാനായത്. എൽ.ഡി.എഫിലെ 13 അംഗങ്ങളും മൂന്ന് സ്വതന്ത്രരും പിന്തുണച്ചു. മൊത്തം 16 വോട്ട് സക്കീർ ഹുസൈന് ലഭിച്ചു. എതിർ സ്ഥാനാർഥി യു.ഡി.എഫിലെ എം. സി ഷെരീഫിന് 13 വോട്ട് ലഭിച്ചു. മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച സ്വതന്ത്ര അംഗം ആമീന ഹൈദ്രാലിയാണ് എൽ.ഡി.എഫിനെ പിന്തുണച്ചത്.
ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ. ടി. സക്കീർ ഹുസൈന്റെ പേര് സ്വതന്ത്രനായ കെ.ആർ. അജിത് കുമാർ നിർദേശിക്കുകയും എൽ.ഡി.എഫിലെ പി.കെ അനീഷ് പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫിൽ ചെയർമാൻ സ്ഥാനത്തേക്ക് എം.സി ഷെരീഫിന്റെ പേര് അഡ്വ. എ. സുരേഷ് കുമാർ നിർദേശിക്കുകയും സി. കെ. അർജുനൻ പിന്താങ്ങുകയും ചെയ്തു. തുടർന്ന് വാർഡ്ക്രമത്തിൽ വോട്ടെടുപ്പ് നടന്നു.
കോവിഡ് ചികിത്സയിൽ കഴിയുന്ന രണ്ട് അംഗങ്ങൾ പി.പി.ഇ കിറ്റ് ധരിച്ചാണ് വോെട്ടടുപ്പിന് എത്തിയത്. ഇവർ രണ്ട് പേരും നേരത്തെ എത്തി മുറിയിൽ ഇരിക്കയായിരുന്നു. വരണാധികാരി ഇവർ ഇരുന്ന മുറിയിൽ എത്തി വോട്ട് രേഖപ്പെടുത്തി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എസ്. അരുൺകുമാറായിരുന്നു വരണാധികാരി.
എൽ.ഡി.എഫിലെ അഡ്വ. ടി. സക്കീർ ഹുസൈൻ (49) ഇത് രണ്ടാം തവണയാണ് നഗരസഭ ചെയർമാനാകുന്നത്. 2007ൽ മൂന്ന് വർഷം ചെയർമാനായിരുന്നു. നഗരസഭ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ യിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കാതോലിക്കേറ്റ് കോളേജ് യൂനിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിപ്പിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. നഗരസഭ തൈക്കാവ് എട്ടാം വാർഡിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 122 വോട്ടുകൾ ഭൂരിപക്ഷം ലഭിച്ചിരുന്നു. ചെയർമാനായി തെരഞ്ഞെടക്കപ്പെട്ട സക്കീർ ഹുസൈൻ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തുടർന്ന് കൗൺസിൽ ഹാളിൽ അനുമോദന യോഗവും നടന്നു. യു.ഡി. എഫ് പാർലമെൻററി പാർട്ടി ലീഡർ കെ. ജാസീം കുട്ടി, കെ.ആർ അജിത്ത് കുമാർ, അഡ്വ. എ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജയം ആഘോഷിക്കാൻ നിരവധി എൽ.ഡി.എഫ് പ്രവർത്തകർ എത്തിയിരുന്നു. തെരെഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ എൽ.ഡി.എഫ് 13 , യു.ഡി.എഫ് 13, എസ്.ഡി.പി.ഐ 4 (സ്വതന്ത്ര അടക്കം), സ്വതന്ത്രർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില.