പുതുവത്സരാഘോഷം; ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന.

വൈത്തിരി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. റിസോര്‍ട്ടുകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കി ഇക്കാര്യങ്ങള്‍ അറിയിച്ചതായി ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു.

വാഗമണ്‍ നിശാപാര്‍ട്ടിയുടെ പശ്ചാത്തലത്തിലാണ് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വയനാട്ടിലും പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. എല്ലാ റിസോര്‍ട്ടുകള്‍ക്കും ഇതിനോടകം നോട്ടീസ് നല്‍കി കഴിഞ്ഞിട്ടുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണം.

ലഹരിവസ്തുക്കള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇന്നുമുതല്‍ ജില്ലയുടെ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും. പരിശോധനകള്‍ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടൂ.