ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും ട്രംപ്. അതിനിടെ അമേരിക്ക പുതിയ യുദ്ധത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമദ് ബാഗർ ഗാലിബാഫ് രംഗത്തെത്തി. വെടിനിർത്തലിനിടെ ഇറാൻ സേന തയാറെടുപ്പുകൾ നടത്തിയെന്നും വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്നും ഗാലിബാഫ് വ്യക്തമാക്കി.

അതേസമയം വീണ്ടും യുദ്ധ ഭീഷണി ഉയർന്നതോടെ മധ്യസ്ഥ ചർച്ചകൾക്ക് പാകിസ്താൻ വീണ്ടും ശ്രമം ആരംഭിച്ചു. ഇറാൻ – അമേരിക്ക സംഘർഷം അവസാനിപ്പിക്കാൻ അവസാന വട്ട ശ്രമവുമായി പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഇറാനിലേക്ക്. രണ്ടാം ഘട്ട സമാധാന ചർച്ചകളിലേക്ക് ഇറാനെയും അമേരിക്കയെയും എത്തിക്കാൻ നീക്കം.ഇറാന് എതിരായ ആക്രമണത്തിന് പൂർണ സജ്ജമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. സമാധാന കരാറിനായി ഇറാൻ ഭരണകൂടം യാചിക്കുകയാണെന്ന് ട്രംപ് പരിഹാസിച്ചിരുന്നു.
ഇറാൻ അമേരിക്കയ്ക്ക് സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങൾക്ക് മറുപടിയായി അഞ്ചിന നിർദ്ദേശങ്ങൾ അമേരിക്ക ഇന്നലെ മുന്നോട്ടു വച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ വീണ്ടും ആക്രമണ ഭീഷണി മുഴക്കിയത്. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമാണെന്നും ഇറാൻ യുദ്ധം വൈകാതെ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
