നാല് കുടുംബങ്ങളുടെ സന്തോഷം സംരക്ഷിക്കാൻ കാരണമായത് ദേവാംഗിന്റെ ഡ്രോൺ.
തൃപ്രയാർ: നാല് കുടുംബങ്ങളുടെ സന്തോഷം സംരക്ഷിക്കാൻ കാരണമായത് ബി.ടെക് വിദ്യാർഥിയായ ദേവാംഗിന്റെ ഡ്രോൺ. തളിക്കുളം തമ്പാൻകടവിൽനിന്ന് കടലിൽപ്പോയി കാണാതായവരെ കണ്ടെത്തുന്നതിന് സഹായവുമായി മുന്നോട്ടു വരുകയായിരുന്നു ദേവാംഗ്.
തളിക്കുളത്തെ അമൂല്യ ജ്വല്ലറി ഉടമ കൊപ്രക്കളം എരണേഴത്ത് സുബിലിന്റെ മകനാണ് 18-കാരനായ ദേവാംഗ്. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലാണ് പഠിക്കുന്നത്. പഠനാവശ്യത്തിനായാണ് ഡ്രോൺ വാങ്ങിയത്.
കോവിഡ് മൂലം പഠനം വീട്ടിലായതോടെ സ്ഥിരമായി തമ്പാൻകടവിൽ ഡ്രോണിന്റെ ഉപയോഗം പരിശീലിക്കാറുണ്ട്. വീട്ടിലിരിക്കുമ്പോൾ അച്ഛനാണ് അപകടവിവരം വിളിച്ചുപറയുന്നത്. സഹായിക്കാൻ പറ്റുമെങ്കിൽ ചെയ്യാനും പറഞ്ഞു. തന്റെ കൈവശമുള്ള ഡ്രോണുമായി ദേവാംഗ് തമ്പാൻകടവിലേക്ക് കുതിച്ചു. അവിടെയെത്തി ഗീതാ ഗോപി എം.എൽ.എ.യോട് തിരയാൻ കൂടെപ്പോകാൻ സന്നദ്ധനാണെന്നു പറഞ്ഞു.
വാടാനപ്പള്ളി എസ്.ഐ. കെ.ജെ. ജിനേഷിനോട് എം.എൽ.എ. ഇക്കാര്യം പറഞ്ഞു. എസ്.ഐ. അനുമതി നൽകി. വിഷ്ണുമായ വഞ്ചിയിൽ ഡ്രോണുമായി ദേവാംഗ് കയറി. ആദ്യമായാണ് കടലിൽ പോകുന്നതെന്നതിനാൽ പേടിയുണ്ടായിരുന്നുവെന്ന് ദേവാംഗ് പറഞ്ഞു. ആദ്യമായി കടലിൽ പോയത് നാല് ജീവനുകൾ രക്ഷിക്കാനാണെന്നതിൽ സന്തോഷമുണ്ട്.