നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ.

കാസർകോട്: ബദിയഡുക്കയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. ബദിയഡുക്ക ചെടേക്കാൽ സ്വദേശി ഷാഹിനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുക്കിയാണ് ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

 

ഡിസംബർ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. രക്തസ്രാവമുണ്ടായതിനെതുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.

ആദ്യ കുഞ്ഞ് ജനിച്ച് അധികംവൈകാതെ രണ്ടാമത്തെ കുഞ്ഞുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയാണെന്ന വിവരം ഭർത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. ഡിസംബർ 15-ന് കുഞ്ഞിനെ പ്രസവിച്ചയുടൻ കൊലപ്പെടുത്തിയെന്നും യുവതി പോലീസിന് മൊഴി നൽകി.

ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതിനാൽ ശ്വാസംമുട്ടിയാണ് ശിശു മരിച്ചതെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൃതദേഹപരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുക്കി, കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.