സ്‌കൂള്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.

കണ്ണൂര്‍ വിജിലന്‍സ് ഓഫിസില്‍ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്.

കണ്ണൂര്‍: അഴീക്കോട് സ്‌കൂള്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫിസില്‍ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ മണ്ഡലമായ അഴീക്കോട് ഹൈസ്‌ക്കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് സിപിഎം നേതാവ് കുടുവന്‍ പദ്മനാഭന്‍ മുന്‍പ് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കോര്‍പറേഷനോട് സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനില്‍ മാലൂര്‍കുന്നിലെ ഷാജിയൂടെ വീട്ടില്‍ നടത്തിയ അളവെടുപ്പില്‍ വീട്ടില്‍ അനധികൃത നിര്‍മ്മാണവും കണ്ടെത്തിയിരുന്നു.

 

കെ എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഷാജി വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കോഴിക്കോട് കോടതി നവംബറില്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കി.

നിയമസഭാ സെക്രട്ടറിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ആഭ്യന്തര സെക്രട്ടറി അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17എ പ്രകാരം അനുമതി നല്‍കിയത്. കെ.എം. ഷാജി അനധികൃത സമ്പാദ്യം ഉപയോഗിച്ച് 1.62 കോടിയുടെ വീടു പണിതെന്നും വിദേശത്തുനിന്നു പണം സ്വരൂപിച്ചെന്നുമായിരുന്നു എം.ആര്‍. ഹരീഷ് നല്‍കിയ ഹര്‍ജിയിലെ ആരോപണം. ഷാജിക്ക് എതിരായ പ്ലസ് ടു കോഴ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അഴീക്കോട് സ്‌കൂളിലെത്തി തെളിവെടുത്തു.