കനി വാട്‌സ്ആപ്പ് കൂട്ടായ്മ പ്രഥമ കുടുംബ സംഗമം സംഘടിപ്പിച്ചു
മലപ്പുറം : കലാകാരന്മാരുടെ ഇന്റര്‍നാഷണല്‍ വാട്‌സ്ആപ്പ് കൂട്ടായ്മയായ കനിയുടെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഗ്രൂപ്പ് മെമ്പേഴ്‌സ് കുടുംബസമേതം മലപ്പുറം മൈലാഞ്ചി ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ഒത്തുചേര്‍ന്നു. പ്രശസ്ത സിനിമാനടന്‍ സാജു നവോദയ (പാഷാണം ഷാജി ) കുടുംബ സമ്മേതം പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.കലാ കായിക , ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമാക്കി 2017 ല്‍ മലപ്പുറത്ത് ആരംഭിച്ച ഈ കൂട്ടായ്മയില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേയും പ്രവാസ ലോകത്തിലേയും പരിചയസമ്പന്നരും പ്രശസ്തരുമായ ഒട്ടേറെ കലാകാരന്മാര്‍ അംഗങ്ങളാണെന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരുപാട് അവസരങ്ങള്‍ കനി കൂട്ടായ്മ ഒരുക്കുന്നുണ്ടെന്നും ഉദ്ഘാടന ചടങ്ങിന്റെ സ്വാഗത
പ്രഭാഷണത്തില്‍ കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര അഭിപ്രായപ്പെട്ടു. കലാമേഖല കൂടാതെ ജീവകാരുണ്യ മേഖലകളിലുള്ള കനിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി പറഞ്ഞു. കനി സെക്രട്ടറി കമറുദ്ദീന്‍ കലാഭവന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളായ മലപ്പുറത്തെ പത്തോളം പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സബീര്‍ പി എസ് എ, ഷംസുദ്ദീന്‍ വി പി, ഷിഫിലി തൃശൂര്‍, ഷംസാദ് ബീഗം പാലക്കാട്, സ്വാലിഹ്, ബീന, ഷൈനി ഏറണാകുളം, പത്മശ്രീ ഏറണാകുളം എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. സിനിമാനടന്‍ സാജു നവോദയ, കലാഭവന്‍ മിമിക്രി അധ്യാപകന്‍ ഇടവേള റാഫി എന്നിവരുടെ നേതൃത്വത്തില്‍ കനി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.