യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു.

കോഴിക്കോട്: ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പെരിഞ്ചേരിക്കടവില്‍ പി ടി മനോജി (46) നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീടിന് സമീപം നിന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. നാലോളം ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിയതെന്ന് പറയുന്നു.

തലയുടെ പിന്‍വശത്ത് ചെവിയോട് ചേര്‍ന്ന് വെട്ടേറ്റ മനോജിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സ്ഥലത്ത് സംഘര്‍ഷവും വീടുകള്‍ക്ക് നേരെ ആക്രമണവും നടന്നിരുന്നു.