മലബാർ എക്സ്പ്രസില്‍ തീപിടിത്തം ; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാർ എക്സ്പ്രസിന്റെ മുൻ ഭാഗത്തുള്ള പാഴ്സൽ കോച്ചിനാണ് തീ പിടിച്ചത്.

വർക്കല: മലബാർ എക്സ്പ്രസിലെ തീപ്പിടിത്തത്തിൽ ഒഴിവായത് വലിയ ദുരന്തം. തുടക്കത്തിൽ തന്നെ തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയിൽ നിന്ന് പുക ഉയർന്നതിനേതുടർന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചങ്ങല വലിച്ച് യാത്രക്കാർ ട്രെയിൻ നിർത്തി.

ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ പൂർണമായും ട്രെയിനിൽ നിന്ന് മാറ്റി. തീ പിടിച്ച ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തിയതായാണ് വിവരം. തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയിൽവേ അറിയിച്ചു. തീപ്പിടിത്തത്തിനുള്ള കാരണം റെയിൽവേ പരിശോധിച്ചു വരികയാണ്.

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാർ എക്സ്പ്രസിന്റെ മുൻ ഭാഗത്തുള്ള പാഴ്സൽ കോച്ചിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. എന്നാൽ വാഹനങ്ങളടക്കമുള്ളവ പാഴ്സൽ വസ്തുക്കളിൽ നിന്ന് തീ പടരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

പാഴ്സൽ ബോഗിയിൽ മാത്രമാണ് തീപ്പിടിത്തം ഉണ്ടായതെന്നും തുടക്കത്തിൽ തന്നെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതെന്നും യാത്രക്കാരാനായ സുനിൽ പറഞ്ഞു. രണ്ട് ബൈക്ക് പൂർണമായും കത്തി നശിച്ചതായി അദ്ദേഹം പറഞ്ഞു. ഇടവ സ്റ്റേഷന് തൊട്ടുമുന്നിലായാണ് ട്രെയിൻ നിർത്തിയതെന്നും യാത്രക്കാരെ പൂർണമായും ഒഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.