ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി

മലപ്പുറം: കോവിഡ് വാക്‌സിനേഷന്‍ നാലു ദിനം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.

നാലാം ദിവസമായ ഇന്നലെ 802 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. നാലാം ദിനം രജിസ്റ്റര്‍ ചെയത 89 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു. 900 ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരുന്നത്

ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ്, തിരൂര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, പൊന്നാനി, മലപ്പുറം, കൊണ്ടോട്ടി താലൂക്ക് ആശുപത്രികള്‍, നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവില്‍ കുത്തിവെപ്പ് നല്‍കുന്നത്.

ഒരു സ്ഥലത്ത് രജിസ്റ്റര്‍ ചെയ്തവര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വേറൊരു കേന്ദ്രത്തിലേക്ക് കുത്തിവെപ്പ് മാറ്റാം. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് കുത്തിവെപ്പ്.