താനൂര്‍ – തെയ്യാല റോഡില്‍ 34 കോടിയുടെ റെയില്‍വെ മേല്‍പ്പാലം പണിയുന്നു

നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

താനൂർ: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ – തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം പണിയുന്നത്. ‘തടസരഹിത റോഡ് ശൃംഖല-ലെവല്‍ ക്രോസ് മുക്ത കേരളം’ എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് 10 റെയില്‍വെ മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനൊപ്പമാണ് താനൂരിലും ഗതാഗതകുരുക്ക് ഒഴിവാക്കാനാണ് റെയില്‍വെ മേല്‍പ്പാലം നിര്‍മിക്കുന്നത്. നിര്‍മാണോദ്ഘാടനം ന (ജനുവരി23) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.

പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് മുഖ്യാതിഥിയാവും. ശിലാഫലക അനാച്ഛാദനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാകും. ആര്‍.ബി.ഡി.സി കെ മാനേജിങ് ഡയറക്ടര്‍ ജാഫര്‍ മലിക്, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, താനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി.പി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

റെയില്‍ പാളങ്ങള്‍ക്ക് മുകളിലുള്ള ഭാഗത്ത് സ്റ്റീല്‍ ഉപയോഗിച്ചാണ് താനൂര്‍ – തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണം. സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വളരെ വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകും. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പാലം നിര്‍മാണ മേല്‍നോട്ട ചുമതല. ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന താനൂര്‍ – തെയ്യാല റോഡിലുള്ള ഗതാഗത കുരുക്കിന് റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പരിഹാരമാകുമെന്ന് വി. അബ്ദുറഹ്‌മാന്‍ എം.എല്‍.എ പറഞ്ഞു. റെയില്‍വെ മേല്‍പ്പാലം പ്രവൃത്തി പൂര്‍ത്തിയായാല്‍ താനൂരില്‍ നിന്ന് തെയ്യാല-വെന്നിയൂര്‍ വഴി കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്താനാകും. തിരൂരങ്ങാടിയിലെ കൊടിഞ്ഞി ചെമ്മാട്, പാണ്ടിമുറ്റം താനാളൂര്‍, വൈലത്തൂര്‍ വഴി പുത്തനത്താണി എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും വേഗത്തിലാകും.