കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു.

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ ചെങ്ങാട്ട്( 65) ആണ് കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരിക്കെ മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ വെച്ചു ഇന്നലെ മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ നാലകത്ത് സുഹറാബി ഈ മാസം 9 നു കുവൈത്തില്‍ വെച്ചു തന്നെ കൊവിഡ് ബാധയേറ്റ് ചികില്‍സയില്‍ കഴിയവേ മരണമടഞ്ഞിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടുകയും പിന്നീട് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇരുവരെയും മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫര്‍വ്വാനിയ അല്‍ ഉമ്മ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരനായിരുന്നു അബ്ദു റഹ്മാന്‍. ഇവരുടെ മക്കളായ സെറിന്‍, നീലുഫ എന്നിവര്‍ നാട്ടിലാണ്. കെകെഎംഎ ഖൈത്താന്‍ ശാഖയിലെ അംഗമാണു മരണമടഞ്ഞ അബ്ദു റഹ്മാന്‍.