ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട്. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: യുഡിഎഫിൽ സീറ്റ് വിഭജനത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങളുമായി വിശദമായ രാഷ്ട്രീയചർച്ച തന്നെ നടന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട് തങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വളരെ സൗഹൃദപരമായ സന്ദർശനമായിരുന്നെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. ലീഗ് ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കുമെന്നുറപ്പാണ്. എത്ര സീറ്റ് ചോദിക്കുമെന്നതാണ് നിർണായകം. കൂടുതൽ സീറ്റ് നൽകില്ലെന്ന് ചില കോൺഗ്രസ് നേതാക്കളും അനൗദ്യോഗികമായി പറഞ്ഞതാണ്.
ഇന്ന് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നുണ്ട്. അദ്ദേഹത്തെ സ്വീകരിക്കാനായി ഉമ്മൻചാണ്ടിയും ചെന്നിത്തലയും ലീഗ് നേതാക്കളും കരിപ്പൂർ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. എല്ലാവരും ചേർന്ന് അനൗദ്യോഗികമായി ഒരു ചർച്ച കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് നടക്കും.
”തങ്ങളുമായി സംസാരിക്കേണ്ട വിഷയങ്ങൾ തങ്ങളുമായി ചർച്ച ചെയ്തു. ഐശ്വര്യകേരള യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചർച്ച ചെയ്യാൻ ഒരു ഫോർമൽ സിറ്റിംഗ് തിരുവനന്തപുരത്തുണ്ടാകും”, എന്ന് പി കെ കുഞ്ഞാലിക്കുട്ടി.
https://www.facebook.com/104151494794973/posts/166777435199045/
ലീഗ് ആറ് സീറ്റുകളാണ് ഇത്തവണ പുതുതായി ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ ഘടകകക്ഷികൾ ഒഴിവായ സീറ്റുകൾ കൂടി ചേർത്ത് 30 സീറ്റുകൾ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഇക്കാര്യം പരസ്യമായി അവകാശവാദം ഉന്നയിക്കാൻ ഇപ്പോൾ ലീഗ് തയ്യാറല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യത്തിൽ പരസ്യമായ വിഴുപ്പലക്കൽ പാടില്ലെന്ന അഭ്യർത്ഥനയുമായാണ് കോൺഗ്രസ് നേതാക്കൾ പാണക്കാട്ടെത്തിയതെന്നാണ് സൂചന. അഞ്ചാം മന്ത്രിസ്ഥാനം പോലെയുള്ള വിവാദങ്ങളിലേക്ക് പോകരുതെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. രണ്ട് സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസിന്‍റെ സമവായ ഫോർമുല. ഒരു സീറ്റിൽ പൊതുസമ്മതനായ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തണം. ആ സ്ഥാനാർത്ഥിയെ ലീഗും കോൺഗ്രസും ഒന്നിച്ച് പിന്തുണയ്ക്കും. അങ്ങനെ ലീഗിന് മൂന്ന് സീറ്റെന്ന ഫോർമുലയാണ് കോൺഗ്രസിന്‍റെ വാഗ്ദാനം. പി കെ കുഞ്ഞാലിക്കുട്ടിക്കാണ് ഇതിൽ ഒരു സമവായഫോർമുല രൂപീകരിക്കാനുള്ള ചുമതല. ധാരണ ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന.