എം ശിവശങ്കര്‍ ജയില്‍ മോചിതനായി.

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി. ശിവശങ്കര്‍ എറണാകുളം കാക്കനാട് ജില്ലാ ജയില്‍ നിന്ന് പുറത്തിറങ്ങി. 98 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകേണ്ടി വരും. തിരുവനന്തപുരത്തേക്കാണ് ശിവശങ്കര്‍ തിരിച്ചത്. എം ശിവശങ്കറിന് എതിരായ ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്ന് കോടതി പറഞ്ഞു.

എം ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ 22 ാം പ്രതിയായിരുന്നു ശിവശങ്കര്‍. ഈ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ഡോളര്‍ കടത്ത് കേസിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് എം ശിവശങ്കറിന് ജയില്‍ മോചിതനായി പുറത്തിറങ്ങിയത്.