വെട്ടത്തെ പുതിയ പ്രസിഡൻ്റ് നിയമകുരുക്കിലോ..? സി പി ഐയുടെ വിപ്പ് ലംഘിച്ചതിന് നിയമ നടപടിക്ക്

 

 


തിരൂർ : പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇന്ന് (തിങ്കൾ) തെരഞ്ഞെടുപ്പ് നടന്ന വെട്ടം ഗ്രാമ പഞ്ചായത്തില്‍ പുതിയ പ്രസിഡൻ്റായി എൽഡിഎഫ് സ്വതന്ത്രൻ നെല്ലാഞ്ചേരി നൗഷാദിനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ നൗഷാദിൻ്റെ പ്രസിഡൻ്റ് പദവി നിയമക്കുരുക്കിലാകുമോ എന്നാണ് ചർച്ച.

തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സി പി എം തീരുമാനിച്ച പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് സിപിഐയുടെ വിപ്പ് ലഭിച്ചതോടെയാണ് കുരുക്കിന് കാരണമായത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സിപിഎം തീരുമാനിച്ച നെല്ലാഞ്ചേരി നൗഷാദിനെതിരെയാണ് സിപിഐ തിരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി വിപ്പ് നല്‍കിയിരുന്നത്. സിപിഐ സീറ്റായ വാര്‍ഡ് 17 വാക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്വതന്ത്രന്‍ നൗഷാദ് പഞ്ചായത്ത് ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ വോട്ടു ചെയ്യുകയോ ചെയ്യരുതെന്നു കാണിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെട്ടം പഞ്ചായത്ത് സെക്രട്ടറി കെ.കെ മിനിക്ക് സിപിഐ തിരൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.കെ ഹംസ കത്ത് നല്‍കിയത്.

പഞ്ചായത്തംഗമായി നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടാല്‍ സിപിഐയുടെ വിപ്പും മറ്റും അംഗീകരിക്കാമെന്ന് രേഖാമൂലം കരാറുണ്ടെന്നും അതിനാല്‍ സിപിഐയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും സെക്രട്ടറിക്കു നല്‍കിയ കത്തില്‍ പറയുന്നു. വെട്ടം പഞ്ചായത്തിലെ വാര്‍ഡ് 16,17,18,20 എന്നീ നാല് സീറ്റുകളിലാണ് ഇത്തവണ സിപിഐ മത്സരിച്ചിരുന്നത്. ഇതില്‍ വാര്‍ഡ് 17ല്‍ നിന്ന്  എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച നെല്ലാഞ്ചേരി നൗഷാദ് മാത്രമാണ് വിജയിച്ചത്. എന്നാല്‍ വെട്ടത്ത് ഭരണം തുലാസിലായിരുന്ന സാഹചര്യത്തില്‍ നൗഷാദ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനെതിരെ വിപ്പ് നല്‍കിയത് ഇടതുമുന്നണിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

എല്‍ഡിഎഫ് സ്വതന്ത്രന്‍ നൗഷാദിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയാണ് തീരുമാനിച്ചത്.     പഞ്ചായത്തില്‍ നാല് സീറ്റുകള്‍ എല്‍ഡിഎഫ് നേതൃത്വം സിപിഐക്ക് നല്‍കിയതാണെന്നും ഈ സീറ്റുകളിൽ സിപിഐ നിര്‍ദേശിക്കുന്ന ഏത് ചിഹ്നത്തിലും മത്സരിക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിപിഎം, സിപിഐ മണ്ഡലം കമ്മിറ്റികള്‍ തമ്മില്‍ രേഖാമൂലം കരാര്‍ ചെയ്തിട്ടുള്ളതാണെന്നും സിപിഐ നേതാക്കള്‍ അറിയിച്ചു. വിപ്പ് ലംഘിച്ച സാഹചര്യത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് സിപിഐ തീരുമാനനം. അതേസമയം പഞ്ചായത്ത് സെക്രട്ടറിക്ക് സി പി ഐ നൽകിയ വിപ്പിനെ ചൊല്ലി പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നീണ്ടുപോയിരുന്നു. യു ഡി എഫ് അംഗങ്ങളാണ് ഇക്കാര്യം തെരഞ്ഞെടുപ്പിന് മുമ്പായി ഉന്നയിച്ചത്. എന്നാൽ കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് തീർപ്പ് കൽപിക്കേണ്ടതെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു.

9 വോട്ട് ലഭിച്ച യു ഡി എഫിലെ കെ സൈനുദ്ദീനെ 10 വോട്ടുകൾ നേടി പരാജയപ്പെടുത്തിയാണ് നൗഷാദ് പ്രസിഡൻ്റ് പദത്തിലെത്തിയത്.