തവനൂര്‍ ഗവ കോളജ് കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
തവനൂര്‍: ഗവ.കോളജിന് വേണ്ടി മറവഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ അധ്യക്ഷനാകും. 2014 ല്‍ തവനൂര്‍ ഗ്രാമപഞ്ചായത്തിലെ അന്ത്യാളംകുടത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രീമെട്രിക്ക് ഹോസ്റ്റലിലാണ് കോളജ് പ്രവര്‍ത്തനമാരംഭിച്ചത്.
സ്ഥലം എം.എല്‍.എ കൂടിയായ ഡോ.കെ.ടി ജലീലിന്റെ ശ്രമമായി കോളജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ മറവഞ്ചേരി നിള എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 5.085 ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു.
കോളജിലേക്കുള്ള റോഡിനാവശ്യമുള്ള സ്ഥലം പാട്ടത്തില്‍ ബാപ്പു ഹാജിയും വിട്ടു നല്‍കി. കിഫ്ബിയില്‍ നിന്ന് 10.24 കോടി ചെലവഴിച്ച് 4310 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആറ് ക്ലാസ് മുറികള്‍, ഓഫീസ്, പ്രിന്‍സിപ്പാള്‍ റൂം, രണ്ട് ലാബ് റൂമുകള്‍, രണ്ട് സെമിനാര്‍ ഹാള്‍, കാന്റീന്‍, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. അയങ്കലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ ഇപ്പോള്‍ ബി.കോം, ബി.എ. ഇംഗ്ലീഷ്, ബി.എ.സോഷ്യോളജി എന്നീ കോഴ്‌സുകളില്‍ 480 കുട്ടികളാണ് പഠിക്കുന്നത്. അഞ്ച് വര്‍ഷ കോഴ്‌സായ ഇന്റഗ്രേറ്റഡ് പൊളിറ്റിക്‌സും ഇക്കൊല്ലം അനുവദിച്ചിട്ടുണ്ട്. സ്വന്തം കെട്ടിടമാകുന്നതോടെ പുതിയ കോഴ്‌സുകള്‍ ഇനിയും അനുവദിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കോളജില്‍ തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ബാബു, മന്ത്രി ഡോ.കെ ടി ജലീലിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മന്‍സൂര്‍, കോളജ് പ്രിന്‍സിപ്പല്‍ ഷീജ, വേണു, രാമകൃഷ്ണന്‍, മുഹമ്മദ് റാഫി, ഉണ്ണികൃഷ്ണന്‍, ജ്യോതി, അനസ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘം ചെയര്‍മാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറയേയും കണ്‍വീനറായി പ്രിന്‍സിപ്പല്‍ ഷീജയേയും യോഗത്തില്‍ തെരഞ്ഞെടുത്തു.