വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ 1222 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ സ്‌പൈസ്ജെറ്റ് വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 1269 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്. ഇതിൽനിന്ന് 1025 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് വിപണിയിൽ 49 ലക്ഷം രൂപ വിലവരും.

 

വിമാനത്തിലെ യാത്രക്കാർ ഇറങ്ങിയതിനുശേഷമുള്ള പരിശോധനയിലാണ് കസ്റ്റംസ് സ്വർണം കണ്ടെടുത്തത്. മറ്റൊരു കേസിൽ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ കാസർകോട് സ്വദേശി റിയാസിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 214 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ഇതിൽനിന്ന് 9 ലക്ഷം രൂപയുടെ 197 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

കസ്റ്റംസ് ജോയിന്റ് കമ്മിഷണർ വി.കെ. സിങ്ങിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.പി. മനോജ്, സി.പി. സബീഷ്, വി.ജെ. പൗലോസ്, ഇൻസ്പെക്ടർമാരായ ടി.എസ്. അഭിലാഷ്, കെ.കെ. പ്രിയ ശിവാനി, ചേതൻഗുപ്ത, പ്രണയ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.