സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താം; രാഹുൽ ഗാന്ധി

തിരുവനന്തപുരം: പതിവിൽനിന്ന്​ വിപരീതമായി കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ കടന്നാക്രമിച്ച്​ രാഹുൽ ഗാന്ധി. ബി.ജെ.പിയും സി.പിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണമടക്കം ഉന്നയിച്ച്​ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പിണറായി സർക്കാറിനെ നിശിത വിമർശനത്തിന്​ വിധേയമാക്കുന്നതായിരുന്നു. സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന അവസ്​ഥയാണെന്ന ഗുരുതര ആരോപണവും രാഹുൽ ഉന്നയിച്ചു.

ആഴക്കടൽ മത്സ്യബന്ധന കരാറും ഉദ്യോഗാർഥികളുടെ സമരവുമടക്കം കേരളത്തിലെ സമീപകാല രാഷ്​ട്രീയ സംഭവവികാസങ്ങളിലൂന്നിയ പ്രസംഗത്തിൽ സ്വർണക്കടത്തും പിൻവാതിൽ നിയമനവുമടക്കമുള്ള കാര്യങ്ങൾ വിഷയമായി.

കോൺഗ്രസും സി.പി.എമ്മും തമ്മിൽ ചില സംസ്​ഥാനങ്ങളിൽ സഹകരണം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുലിന്‍റെ പ്രസംഗം രാഷ്​ട്രീയപരമായി ഏറെ പ്രാധാന്യമുള്ളതാണ്​. സമീപകാലത്ത്​ ഇതാദ്യമാണ്​ രാഹുൽ ഇടതുപക്ഷത്തിനെതിരെയും പിണറായി സർക്കാറിനെതിരെയും ഈ രീതിയിൽ ആഞ്ഞടിക്കുന്നത്​.

 

ശംഖുമുഖം കടപ്പുറത്ത്​ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രസംഗം.