ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
സംഘത്തിൽ പത്തോളം പ്രതികൾ ഉണ്ടെന്നും ഇതിൽ മൂന്ന് പേർ പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നവരാണെന്നും ഇവർക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പിടിയിലായത് തട്ടികൊണ്ടുപോവല്‍ സംഘത്തില്‍ ഉള്‍പ്പെട്ടയാളല്ലെന്നും തട്ടിക്കൊണ്ടുപോവല്‍ സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്ത ആളാണെന്നും പോലിസ് പറയുന്നു. അക്രമിസംഘത്തിന് വീട് കാണിച്ചുകൊടുത്തത് പീറ്ററാണെന്നാണ് പോലിസ് പറയുന്നത്. അതേസമയം, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലില്‍ പോലിസിനോട് സമ്മതിച്ചതായാണ് റിപോര്‍ട്ടുകള്‍.
എട്ടുമാസത്തിനിടയില്‍ മൂന്നുതവണ സ്വര്‍ണമെത്തിച്ചു. ഏറ്റവുമൊടുവില്‍ ദുബയില്‍നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നു. പിടിക്കുമെന്നായപ്പോള്‍ ഇത് വഴിയില്‍ ഉപേക്ഷിക്കുകയാണെന്നും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ മാന്നാറിലെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെയാണ് അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിട്ടത്. പിന്നീട് ഇവര്‍ കടന്നുകളഞ്ഞു.
അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കാഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് യുവതിയെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി. നാലുവര്‍ഷമായി ദുബയില്‍ ജോലിചെയ്യുകയായിരുന്നു ബിന്ദുവും ഭര്‍ത്താവ് ബിനോയിയും. എട്ടുമാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. അതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിങ് വിസയില്‍ ദുബയിലേക്ക് പോയി. ഒടുവില്‍ ഇക്കഴിഞ്ഞ 19നാണ് ഇവര്‍ നാട്ടിലെത്തിയത്. സംഘത്തിൽ പത്തോളം പ്രതികൾ ഉണ്ടെന്നും ഇതിൽ മൂന്ന് പേർ പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നവരാണെന്നും ഇവർക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .