കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ.

ഏത് പശ്ചാത്തലത്തിലാണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതെന്നും സുധാകരൻ ചോദിച്ചു.

കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി ബിസിനസിന്‍റെ മൂലധനം എവിടെനിന്നാണെന്നും സുധാകരൻ ചോദിച്ചു. ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന റിപ്പോർട്ടുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏത് പശ്ചാത്തലത്തിലാണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതെന്നും സുധാകരൻ ചോദിച്ചു. അനാരോഗ്യം മൂലമോ രോഗം മൂർച്ഛിച്ചിട്ടോ അല്ല. ഒരു വിദഗ്ധ ചികിത്സക്കും അദ്ദേഹം പോയിട്ടില്ല. ഇത് ഒരു ചെറിയ പടക്കമാണ്. വലിയ പടക്കം ഇതിന് പിന്നാലെ വരും. പിണറായിക്കെതിരെയും ഇ.പി. ജയരാജിനെതിരെയും ഇന്നല്ലെങ്കിൽ നാളെ ആരോപണം ഉയരുമെന്നും സുധാകരൻ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അവിഹിത സമ്പാദ്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും സുധാകരൻ പറഞ്ഞു.