കോട്ടക്കലിന്റെ വികസനമുരടിപ്പിനെതിരെ ജനം വിധിയെഴുതും.

വളാഞ്ചേരി : കോട്ടക്കൽ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടർമാർ വിധിയെഴുതുമെന്ന് എൽ ഡി എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉറപ്പാണ് എൽ ഡി എഫ്, ഉറപ്പിച്ച് കോട്ടക്കൽ എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പിൽ ഉയർത്തുന്നത്.

നമ്മുടെ കോട്ടക്കൽ.കോം എന്ന വെബ്സൈറ്റ് ഉദ്ഘാടനം പത്ര സമ്മേളനത്തിൽ വെച്ച് എൻ എ മുഹമ്മദ്‌ കുട്ടി നിർവഹിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി എൻ സി പി യുടെ ദേശിയ സെക്രട്ടറിയായ എൻ എ മുഹമ്മദ് കുട്ടി (മമ്മുട്ടി) യാണ് മത്സരിക്കുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കഴിഞ്ഞ അഞ്ചുവർഷക്കാലം മണ്ഡലത്തിലെ സമസ്ത മേഖലകളിലും കരർമനിരതനായ വ്യക്തിയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസന കുതിപ്പുമായി മുന്നോട്ടുപോകുമ്പോൾ കോട്ടക്കൽ മണ്ഡലത്തിന് ആ വികസന പ്രക്രിയയിൽ വേണ്ടത്ര മുന്നോട്ടുപോകാൻ സാധ്യമായിട്ടില്ല. ഇടതുപക്ഷ സർക്കാർ ഒരു തുടർഭരണ സാധ്യതയുമായി മുന്നേറുമ്പോൾ കോട്ടക്കൽ മണ്ഡലത്തിലും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥി വിജയിച്ചുവരേണ്ടത് ഈ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണ്. വികസനം മുരടിച്ചുനിൽക്കുന്ന കോട്ടക്കൽ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ജനങ്ങളിൽനിന്നും അഭിപ്രായം ആരായുന്നതിനായി നമ്മുടെ കോട്ടക്കൽ.കോം എന്ന വെബ്സൈറ്റ് ഉദ്ഘാടനം പത്ര സമ്മേളനത്തിൽ വെച്ച് നടന്നു. അതോടൊപ്പം തന്നെ ഒരു മൊബൈൽ ആപ്പ്ളിക്കേഷനും കൂടി ലഭ്യമാക്കുന്നുണ്ട് . മണ്ഡലത്തിലെ ജനങ്ങൾക്ക് അവരുടെ പഞ്ചായത്തിലെ ഓരോ വാർഡിലും കൊണ്ടുവരേണ്ട പദ്ധതികളെക്കുറിച്ച് ഈ മൊബൈൽ ആപ്പ്ളിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാവുന്നതാണ്. അവയെല്ലാം ക്രോഡീകരിച്ചുകൊണ്ടുള്ള പ്രകടന പത്രികയായിരിക്കും എൽ ഡി എഫ് ജനസമക്ഷം അവതരിപ്പിക്കുന്നത്. അത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുമെന്ന് ഉറപ്പു നൽകികൊണ്ടാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പത്രസമ്മേളനത്തിൽ സ്ഥാനാർത്ഥി

എൻ എ മുഹമ്മദ്‌കുട്ടി, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സി പി കെ ഗുരുക്കൾ, കെ പി ശങ്കരൻ, അഷ്‌റഫലി കാളിയത്ത്, കെ കെ ഫൈസൽ തങ്ങൾ എന്നിവർ പങ്കെടുത്തു.