തിരൂരിൻ്റെ സമഗ്ര വികസനമാണ് തൻ്റെ ലക്ഷ്യം. കുറുക്കോളി മൊയ്തീൻ

തിരൂരിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയായാണ് മത്സരിക്കുന്നതെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു.

തിരൂർ: മണ്ഡലത്തിൻ്റെ പ്രത്യേകിച്ചും തിരൂർ നഗരത്തിൻ്റെ സമഗ്ര വികസനമാണ് തൻ്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുറുക്കോളി. തിരൂർ നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് കാരണമായി നിൽക്കുന്ന പാലങ്ങളുടെ പൂർത്തീകരണത്തിന് എൽ.ഡി.എഫ് സർക്കാർ തടസം നിൽക്കുകയായിരുന്നു. തിരൂരിൽ 158 കോടിയുടെ വികസന പദ്ധതികളാണ് തിരൂർ ജില്ലാ ആസ്പത്രിയിൽ മാത്രം നടത്തിയത്. പക്ഷെ ജില്ലാ ആസ്പത്രിയിൽ കാൻസർ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് സർക്കാർ തടസങ്ങൾ സൃഷ്ടിച്ചതിനാൽ അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. തിരൂർ നഗത്തെ കേരളത്തിലെ ഒന്നാം കിട നഗരമാക്കി മാറ്റുന്നതിന് പദ്ധതികൾ തയ്യാറാക്കും.

കാർഷിക, വ്യാവസായിക, വിദ്യഭ്യാസ, പശ്ചാത്തല സൗകര്യ വികസനങ്ങൾ ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ച് വിവിധ പദ്ധതികൾ തുടങ്ങും. തിരൂരിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയായാണ് മത്സരിക്കുന്നതെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഡ്വ.കെ.എ.പത്മകുമാർ, കൺവീനർ വെട്ടം ആലിക്കോയ, മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി.മുഹമ്മദ് കോയ എന്നിവർ പങ്കെടുത്തു.