ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് കോഴികളെ ബലിയറുത്തു.
എ.എസ്.ഐക്ക് പരിക്കേറ്റു. ഒമ്പതംഗ സംഘത്തെ പൊലീസ് പിടികൂടി.
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴികളെ ബലിയറുത്തു. സംഭവം തടുത്ത് അറസ്റ്റിനൊരുങ്ങിയ പൊലീസിനുനേരെ അതിക്രമം. എ.എസ്.ഐക്ക് പരിക്കേറ്റു. ഒടുവിൽ ഒമ്പതംഗ സംഘത്തെ പൊലീസ് പിടികൂടി.
മലപ്പുറം കീഴാറ്റൂരിലെ ആദിമാർഗി മഹാമഹാ ചണ്ഡാള ബാബ മലവാരി മാതൃകുല ധർമരക്ഷ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലപ്പുറം ഏലംകുളം കുന്നക്കാവ് പടുവൻതൊടി പി. ബിജു (36), കോഡൂർ പെരിങ്ങോട്ടുകുലം കുറുമ്പല ശ്രീജേഷ് (26), വളാഞ്ചേരി വൈക്കത്തൂർ കുതിരക്കുന്ന പറമ്പിൽ ഗിരീഷ് (36), വടകര പാങ്ങയിൽ ചള്ളയിൽ വീട്ടിൽ ഷരുൺദാസ് (28), തിരൂരങ്ങാടി പന്തീരങ്ങാടി കണ്ണാടി തടത്തിൽ സുഭാഷ് (37), ആലപ്പുഴ ചെങ്ങന്നൂർ വലിയ വീട്ടിൽ സുധീഷ് (35), മലപ്പുറം കോഡൂർ കുറുന്തല അനിൽകുമാർ (40), കണ്ണൂർ വെള്ളാട് മണക്കടവ് പതാലിൽ വീട്ടിൽ രൂപേഷ് (34), മലപ്പുറം കൂട്ടിലങ്ങാടി പഴമല്ലൂർ പെരിങ്ങോട്ടുപുലം കുറുന്തല രഞ്ജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വടക്കെനടയിൽ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചത്. ബലപ്രയോഗത്തിനിടെയാണ് എ.എസ്.ഐ റോയ് എബ്രഹാമിന് പരിക്കേറ്റത്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.