സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു ചെലവുകളുമായി ബന്ധപ്പെട്ട് സ്വന്തം പേരിലോ തന്റേയും തെരെഞ്ഞെടുപ്പ് ഏജന്റിന്റെയും പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍ അറിയിച്ചു. അക്കൗണ്ട് സഹകരണ ബാങ്ക് ഉള്‍പ്പെടെ ഏത് ബാങ്കിലും പോസ്റ്റോഫീസിലും ആരംഭിക്കാം. സ്ഥാനാര്‍ത്ഥി നേരിട്ട് ചെലവഴിക്കുന്ന തുകകളും മറ്റുളളവര്‍ നല്‍കുന്ന സംഭാവനകളും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും തെരെഞ്ഞെടുപ്പ് ചെലവുകള്‍ക്കുളള തുകകള്‍ ഇതില്‍ നിന്നും പിന്‍വലിച്ച് നല്‍കേണ്ടതുമാണ്. തെരഞ്ഞെടുപ്പ് കാലയളവില്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആകെ നല്‍കുന്ന തുക പതിനായിരം രൂപയില്‍ കൂടുതലാണെങ്കില്‍ അത്തരം ചെലവുകള്‍ അക്കൗണ്ട് പേയീ ചെക്കായി മാത്രമേ നല്‍കാവൂ എന്ന് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ്ഓഫീസര്‍ അറിയിച്ചു.