ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു
പൊന്നാനി: ചലച്ചിത്ര കാഴ്ചകളുടെ പുതുവസന്തമൊരുക്കുന്ന ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. നിളാ സംഗ്രഹാലയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന സംവിധായകൻ സിബി മലയിൽ മേള ഉദ്ഘാടനം ചെയ്യതു. മലയാള സിനിമയ്ക്ക് മികവുറ്റ ചലച്ചിത്ര പ്രവർത്തകരെ സംഭാവന ചെയ്യുന്നതിൽ ചലച്ചിത്ര മേളകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സിബി മലയിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊന്നാനി ചലച്ചിത്ര മേളക്കും ഇത്തരം സംഭാവനകൾ മലയാള സിനിമയിലേക്ക് നടത്താൻ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പൊന്നാനി മുൻസിപ്പൽ ചെയർമാൻ ആറ്റുപുറം ശിവദാസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംവിധായകരായ സക്കറിയ, ഷാനവാസ് ബാവുക്കുട്ടി , ദേവശ്രീ നാഥ് , പ്രത്വിരാജ് ദാസ് ഗുപ്ത എന്നിവർ പ്രത്യേക അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
പ്രോഫ. പി.കെ.എം മുഹമ്മദ് ഇക്ബാൽ, എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു. ഫെസ്റ്റിവൽ ഡയറക്ടറും സംവിധായകനുമായ സലാം ബാപ്പു , ഹവ്വാ ഉമ്മ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൊന്നാനി ഫിലിം സൊസൈറ്റിയുടെയും എം ടി എം കോളേജ് വെളിയൻകോടിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന മേള സംഘടിപ്പിക്കുന്നത്. പതിനഞ്ച് രാജ്യങ്ങളിൽ നിന്നായുള്ള അൻപതോളം സിനിമകൾ മേളയിൽ പ്രദർശനത്തിനെത്തുന്നുണ്ട്. എം.ടി.എം കോളേജ് ക്യാംപസ് , നിളാ സംഗ്രഹാലയ എന്നീ വേദികളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഓപ്പൺ ഫോറങ്ങളും വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേള 26 ന് സമാപിക്കും.