ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. മലപ്പുറം ഗവ. കോളജില്‍ നിന്നാണ് ജില്ലയിലെ 16 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തത്. അതത് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ (ഇഎംഎസ്) ഉപയോഗിച്ച് സ്‌കാന്‍ ചെയ്തു പരിശോധിച്ച ശേഷമാണ് മെഷീനുകള്‍ ഏറ്റുവാങ്ങിയത്. ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങളില്‍ പോലീസ് എസ്‌കോര്‍ട്ടോടു കൂടിയാണ് മെഷീനുകള്‍ സ്ട്രോങ് റൂമുകളിലെത്തിച്ചത്.

ജില്ലയിലെ 4875 പോളിങ് ബൂത്തുകളിലേക്കായി 5933 ബാലറ്റ് യൂണിറ്റുകളും, 5932 കണ്‍ട്രോള്‍ യൂണിറ്റുകളും, 6613 വി.വിപാറ്റുകളുമാണ് വിതരണം ചെയ്തത്. ഓരോ നിയോജക മണ്ഡലത്തിലെയും മെഷീനുകളുടെ 35.5 ശതമാനം വിവിപാറ്റുകളും 21 ശതമാനം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുമാണു റിസര്‍വായി സൂക്ഷിക്കുക. വോട്ടിങ് മെഷീന്‍ വിതരണത്തിനായി ഒന്‍പത് കൗണ്ടറുകളും ഒരു ഹെല്‍പ് ഡെസ്‌കുമാണ് മലപ്പുറം ഗവ. കോളജില്‍ സജ്ജമാക്കിയിരുന്നത്.