ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയാണ് എസ് ഡി പി ഐ മത്സരിക്കുന്നത്: അഷ്‌റഫ് പുത്തനത്താണി

തിരൂർ :ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തുയരാത്ത മുന്നണി രാഷ്ട്രീയത്തിനെതിരായി ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മത്സരിക്കുന്നതെന്ന് എസ് ഡി പി ഐ തിരൂർ നിയോജക മണ്ഡലം സ്ഥാനാർഥി അഷറഫ് പുത്തനത്താണി. തിരൂർ പ്രസ്സ് ക്ലബ്ബിൻറെ മീറ്റ് ദി ക്യാൻഡിനേറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു മുന്നണികളും കേരളത്തെ മുന്നോട്ട് നയിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ബിജെപി വർഗീയത പറഞ്ഞു ശക്തിപ്പെടാനാണ് ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പാർട്ടി. ശക്തമായ പ്രതിരോധം തീർക്കും. ബിജെപിയും ആർ എസ് എസും ഉൾപ്പെടുന്ന സംഘപരിവാരം മാത്രമാണ് ഞങ്ങളുടെ ശത്രുക്കൾ. അവർ രാജ്യത്തിൻറെയും ശത്രുക്കളാണ്. നാട്ടിൽ ജനാധിപത്യവും മതേതരത്വവും അട്ടിമറിച്ച് ഹിന്ദുരാജ്യം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇതിനെ പരാജയപ്പെടുത്തുക തന്നെ വേണം. അദ്ദേഹം പറഞ്ഞു.

തിരൂരിൻ്റെ വികസനകാര്യത്തിലും എൽഡിഎഫും യുഡിഎഫും തികഞ്ഞ പരാജയമാണ്. രണ്ട് ദശാബ്‌ദമായി മൂന്ന് പാലങ്ങൾ നോക്കുകുത്തികളായി തുടരുന്നു. ഈ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്ക് വോട്ട് കൂടുക മാത്രവുമല്ല. വിജയവും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് മുന്നണികളും ഞങ്ങൾക്ക് തുല്യരാണെങ്കിലും ശത്രുക്കളല്ല. അഷറഫ് പുത്തനത്താണി കൂട്ടിച്ചേർത്തു.