വ്യാപക അവഗണയെന്ന് കല്‍പകഞ്ചേരിക്കാര്‍,  കൂടെയുണ്ടാകുമെന്ന് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: കല്‍പകഞ്ചേരി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി തിരൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വ്യാപക അവഗണനയാണ് തങ്ങള്‍ നേരിടുന്നതെന്നും നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു.

നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ ഓരോന്നും ചോദിച്ചറിഞ്ഞ് നിങ്ങളില്‍ ഒരാളായി കൂടെയുണ്ടാകുമെന്നും തന്നെ തെരഞ്ഞെടുത്താല്‍ അര്‍ഹമായ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഇടപെടുമെന്നും ഗഫൂര്‍ പി.ലില്ലീസ് നാട്ടുകാര്‍ക്കു ഉറപ്പുനല്‍കി. കല്‍പകഞ്ചേരി പഞ്ചായത്തിനോട് സിറ്റിംഗ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ മുഖംതിരിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു.

കല്‍പകഞ്ചേരിക്കാരുടെ വികസന മുരടിപ്പുകള്‍ നാട്ടുകാര്‍ സ്ഥാനാര്‍ഥിക്കുമുന്നില്‍ അക്കമിട്ട് നിരത്തി. പഞ്ചായത്തിലെ പല സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളും ഇന്നു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്, കല്‍പകഞ്ചേരിയിലെ ഹൃദയഭാഗത്തുള്ള എല്‍.പി.സ്‌കൂളിന് 93 സെന്റ് സ്ഥലമുണ്ട്.

അവിടെ കെട്ടിടം നിര്‍മിക്കാനുള്ള നടപടി ഇതുവരെയുണ്ടായിട്ടില്ല. ഇവിടെ ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാത്തത് കാരണം തൊട്ടടുത്ത പ്രദേശത്തുളള മദ്രസാകെട്ടിടത്തില്‍ വാടകക്കാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 

നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കല്‍പകഞ്ചേരി ചിന്നംപടി സ്‌കൂള്‍ ഇന്നും 22സെന്റ് സ്ഥലത്ത് പൊട്ടിപ്പൊളിഞ്ഞു വീഴാറായ പഴയൊരുകെട്ടിത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഇതുവരെ കെട്ടിടം നിര്‍മിക്കാനുള്ള ഒരുസംവിധാനമോ, പുതുക്കിപ്പണിയാനോ ജനപ്രതിനിധികള്‍ ആരും തെയ്യാറായില്ല. വളരെ ശോചനീയമായ അവസ്ഥയാണ് ഇവിടെയെന്നും നാട്ടുകാര്‍ പറഞ്ഞു. 

മുസ്ലിംലീഗ് മുന്‍ എം.എല്‍.എകൂടിയായ അബ്ദുറഹിമാന്‍ രണ്ടത്താണി ഉള്‍പ്പെടെ പഠനം നടത്തിയ സ്‌കൂള്‍ ഇന്നും കെട്ടിമേഞ്ഞ ഒരുഷെഡിലാണു പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു രംഗത്തിറങ്ങിയിരുന്നു. കേരളത്തിലെ മുഴുവന്‍ അംഗന്‍വാടികളും ഹൈടെക് സംവിധാനത്തിലേക്കു പോയിക്കൊണ്ടിരിക്കുമ്പോള്‍ കല്‍പകച്ചേരി പഞ്ചായത്തിലെ അംഗന്‍വാടികള്‍ വളരെ ശോചനീയാവസ്ഥയിലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്.

ഈ അവസ്ഥകാരണം കുട്ടികളെ മനസ്സില്ലാ മനസ്സോടെയാണ് രക്ഷിതാക്കള്‍ പറഞ്ഞയക്കുന്നതു പോലും. മിക്ക അംഗന്‍വാടികള്‍ക്കും കെട്ടിടങ്ങളില്ല. വീടിന്റെ വിറകുപുരകള്‍, കടമുറികളല്‍നിന്നും ടാര്‍പോയ വലിച്ചുകെട്ടിയും മറ്റുമാണ് ഇവിടുത്തെ അംഗന്‍വാടികളില്‍ പലതും പ്രവര്‍ത്തിക്കുന്നത്.

കല്‍പകഞ്ചേരി പഞ്ചായത്തിലെ പി.എച്ച്.സിയും അതുപോലെ സബ്‌സെന്ററുകളുടെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. ഇവിടുത്തെ പി.എച്ച്.സിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. സ്റ്റാഫ് പാറ്റേണ്‍ പ്രകാരം മൂന്നുഡോക്ടര്‍മാരെവരെ ഇവിടെ നിയമിക്കാന്‍ സാധിക്കും. അതുപോലെ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും ഏറെ ശോചനീയമാണ്. നിലവിലുള്ള ഡോക്ടര്‍ക്കു തന്നെ ആഴ്ച്ചയില്‍ മൂന്നുദിവസം മാത്രമെ രോഗികളെ പരിശോധിക്കാന്‍ കഴിയുന്നുള്ളു. ബാക്കി മൂന്നു ദിവസം കുത്തിവെപ്പിനായിട്ട് സബ് സെന്ററുകളില്‍പോകേണ്ടതുണ്ട്.

ഇതോടെ ഡോക്ടര്‍ ഒരുദിവസം 250ഓളം രോഗികളെ പരിശോധിക്കേണ്ട ദുരവസ്ഥയാണു നിലനില്‍ക്കുന്നത്. കല്‍പകഞ്ചേരിയിലെ ഹെല്‍ത്ത്‌സബ്‌സെന്ററുകളില്‍ ആവശ്യത്തിന് നേഴ്‌സുമാരില്ല. ഇതുകാരണം കെട്ടിടം ഉണ്ടായിട്ടും ഇവ പൂട്ടിയിടേണ്ട അവസ്ഥയാണുള്ളത്. അഞ്ച് ഹെല്‍ത്ത്‌സെന്ററുകളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് സ്വന്തംകെട്ടിടം ഉള്ളത്. ഇതില്‍ രണ്ടുകെട്ടിം വളരെ ശോചനീയാവസ്ഥയിലുമാണ്്. എന്നിട്ടും ഇവ പുനര്‍നിര്‍മിക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഇടപെടലുകളുണ്ടായില്ല. ആദ്യഗര്‍ഭിണികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന അയ്യായിരംരൂപയുടെ ധനസഹായപോലും അര്‍ഹര്‍ക്കു കൈമാറാന്‍ ഇവിടെ നിന്നും കഴിയാത്ത സാഹചര്യമുണ്ടെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

നിലവില്‍ കല്‍പകഞ്ചേരി പഞ്ചായത്തിലുള്ള സ്‌റ്റേഡിയം വളരെ ശോചനീയാവസ്ഥയിലാണ്.50ലക്ഷത്തോളം രൂപചെലവഴിച്ച ഇവിടെ വികസനം നടത്തി എന്നു പറയുന്നുണ്ടെങ്കിലും ആകെയുള്ളത് മൂന്നു സ്‌റ്റെപ്പുളള ഒരു കോണ്‍ക്രീറ്റിന്റെ ഗ്യാലറിയാണ്. അതും 50മീറ്റര്‍ പോലുമില്ലാത്തതുമാണ്. ഇവിടേക്ക് എത്തിപ്പെടാന്‍ തന്നെ ഏറെ കഷ്ടപ്പെടണം. കുടിവെള്ളവും ഇവിടെ വലിയ പ്രശ്‌നമാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പു തുടങ്ങിവെച്ച പദ്ധതികള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഇപ്പോഴും ആളുകള്‍ ദൈന്യംദിന ആവശ്യങ്ങള്‍ക്കായി പണം നല്‍കിയാണ് കുടിവെളളം വാങ്ങുന്നത്. ഇനിവരള്‍ച്ചവരാനുള്ള സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പുണ്ടായിട്ടും മേഖലയില്‍ മഴവെളള സംരംഭം, ഭൂചല റീചാര്‍ജിംഗ് പോലുള്ള പദ്ധതകളുടെ ആവശ്യകത ഉന്നയിച്ചിട്ടും ജനപ്രതിനിധികള്‍ ചെവിക്കൊണ്ടില്ല. പ്രദേശത്തെ ചോലകളേയും തോടുകളേയും സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചു ശാസ്ത്രീയമായി പഠനം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടും നിലവിലുള്ള ജനപ്രതിനിധി തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ഭാരതപ്പുഴ വറ്റിവിരണ്ടാല്‍ മേഖലയാകെ ഇതിലും വലിയ പ്രത്യാഘാതംനേരിടേണ്ടിവരുമെന്നും നാട്ടുകാര്‍ പറഞ്ഞു.

ഏറ്റവുംകൂടുതല്‍ പ്രവാസികളുള്ള പഞ്ചായത്തുകൂടിയാണ് കല്‍പകഞ്ചേരി. നാടിന്റെ ഇന്നത്തെ പുരോഗതിക്കു കാരണംപ്രവാസികള്‍ വഴി എത്തുന്ന വിദേശനാണ്യം മാത്രമാണെന്നും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ ഒരു പഞ്ചായത്ത് എന്ന നിലയില്‍ ഇവര്‍ക്കു സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളില്‍നിന്നും ലഭിക്കേണ്ട യാതൊരുഫണ്ടും വാങ്ങിയെടുക്കാന്‍ യു.ഡി.എഫ് ഭരണ സമിതിക്ക് സാധിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അര്‍ഹിക്കുന്ന പദ്ധതികളൊന്നും പഞ്ചായത്തിന് ലഭിച്ചില്ല. ഇടങ്ങിയ റോഡുകളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു.

പൊതുജനാരോഗ്യം, വിദ്യാഭ്യാസം, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍, കുടിവെള്ളം, പാര്‍പ്പിടം ഈ വിഷയങ്ങളിലൊക്കെ തന്നെ പഞ്ചായത്ത് പിറകില്‍പോയി. അതുപോലെ മണ്ഡലത്തില്‍ ഏറ്റുവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ബന്ധപ്പെടുന്ന മേഖലയാണ് കുടങ്ങാത്ത്കുണ്ട്, കല്‍പകഞ്ചേരി മേഖലകള്‍. ഇവിടെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബി.എഡ് കോളജ്, ഐ.ടി.സി, എയ്ഡഡ് കോളജ് ഉള്‍പ്പെടെ നിരവധി സംരംഭങ്ങളുണ്ട്. പക്ഷെ അവിടെ വിദ്യാര്‍ഥികള്‍ക്കായി ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ല. കംഫര്‍ട്ട് സ്‌റ്റേഷന്‍, ബസ്‌വെയ്റ്റിംഗ് ഏരിയ തുടങ്ങിയ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.