ഫണ്ട് പിരിക്കലും മുക്കലും അത് സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കലും തൊഴിലായി സ്വീകരിച്ച ആളുകളെയല്ല താനൂർ തെരഞ്ഞെടുക്കേണ്ടതെന്ന് മന്ത്രി കെ ടി ജലീൽ.
താനൂർ: ഫണ്ട് പിരിക്കലും മുക്കലും അത് സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കലും തൊഴിലായി സ്വീകരിച്ച ആളുകളെയല്ല താനൂർ തെരഞ്ഞെടുക്കേണ്ടതെന്ന് മന്ത്രി കെ ടി ജലീൽ. താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി താനാളൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിറമരുതൂർ ഉണ്യാലിലും പൊതുയോഗത്തിൽ പങ്കെടുത്തു.
പിരിച്ച പണത്തിന്റെ കണക്ക് ചോദിച്ചവരെ പുറത്താക്കുന്ന പാരമ്പര്യമാണ് മുസ്‌ലിംലീഗിനുള്ളതെന്നും അത് ലീഗിന്റെ സംസ്കാരമായി മാറിയെന്നും കെ ടി ജലീൽ പറഞ്ഞു. മുമ്പ് ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട് എന്നിവയുടെ കണക്ക് ചോദിച്ചപ്പോഴാണ് തന്നെ ലീഗിൽ നിന്നും പുറത്താക്കിയതെന്നും, ഇപ്പോൾ കത്വയിലെ പെൺകുട്ടിക്ക് വേണ്ടി പിരിച്ചെടുത്ത പണം എന്തുചെയ്തു എന്ന് ചോദിച്ചപ്പോൾ യൂസഫ് പടനിലത്തെയും പുറത്താക്കിയതായി കെ ടി ജലീൽ കൂട്ടിച്ചേർത്തു.
യുഡിഎഫ് ചെലവഴിക്കുന്ന കാശിന് കത്വയിലെയും, ഉന്നാവയിലെയും പെൺകുട്ടികളുടെ കണ്ണീരിന്റെ നനവുണ്ട്. ആ കണ്ണീരിന് വിലയുണ്ടെങ്കിൽ താനൂരിലെ ജനങ്ങൾ എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹ്മാനെ വിജയിപ്പിക്കണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.
താനാളൂരിൽ നടന്ന പൊതുയോഗത്തിൽ മൊയ്തീൻകുട്ടി ഹാജി അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് മുന്ദേശീയസമിതി അംഗം യുസഫ് പടനിലം, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, വി അബ്ദുറഹ്മാൻ, ചെറിയമുണ്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ് സി അബ്ദുൽ സലാം, പി രാജേഷ്, ലത്തീഫ് തുടങ്ങിയ സംസാരിച്ചു. വി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു.
നിറമരുതൂർ ഉണ്യാലിൽ നടന്ന പൊതുയോഗത്തിൽ പി പി സൈതലവി അധ്യക്ഷനായി. മന്ത്രി കെ ടി ജലീൽ, വി അബ്ദുറഹ്മാൻ, ഇ ജയൻ, കെ വി ഷംസു തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ നിറമരുതൂർ സ്വാഗതം പറഞ്ഞു.