അക്രമത്തില്‍ പ്രതിഷേധം : കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : രാഷ്ട്രീയ പ്രതിയോഗികള്‍ തമ്മിലുള്ള വൈര്യം തീര്‍ക്കാന്‍ ശബ്ദവും വെളിച്ചവും ഒരുക്കുന്നവരെ ആക്രമിക്കുകയും വാഹനവും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തത് അപലപനീയമാണെന്ന് കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല കമ്മറ്റി പ്രതിഷേധകുറിപ്പില്‍ അറിയിച്ചു . മലപ്പുറം ജില്ലയിലെ തവനൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മംഗലത്തുള്ള സംരംഭകന്റെ വാഹനവും ശബ്ദ ഉപകരണവും ജനറേറ്ററുമാണ് കൂട്ടായില്‍ കഴിഞ്ഞ ദിവസം നശിപ്പിക്കപ്പെട്ടത് .

ദുരിത കാലത്തെ വിഷമതകള്‍ പിന്നിട്ട് പതിയെ തൊഴില്‍ മേഖല സജീവമായി തുടങ്ങുമ്പോള്‍ പ്രയാസങ്ങളെ അതിജീവിച്ച് സംരംഭം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത പ്രഹരം നല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നീതീകരിക്കാന്‍ കഴിയില്ല . ഈ മേഖലയില്‍ തെഴിലെടുത്തുജീവിക്കുന്നവര്‍ക്ക് നേരെയും ഉപകരണങ്ങള്‍ങ്ങള്‍ക്ക് നേരെയും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ നേരിടാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടവും അധികാരികളും തയ്യാറാവണമെന്നും പ്രസിഡണ്ട് പി ഷംസുദ്ധീനും സെക്രട്ടറി അബ്ദുറഹിമാനും ട്രഷര്‍ ഉമ്മര്‍ പെരിന്തല്‍മണ്ണയും ആവശ്യപ്പെട്ടു