തെരഞ്ഞെടുപ്പ്: ജില്ലയിലെ തയ്യാറെടുപ്പുകള്‍ പൂര്‍ണം വോട്ടിങ് രാവിലെ ഏഴിന് ആരംഭിക്കും

മാവോയിസ്റ്റ് ഭീഷണിയുള്ള 105 ബൂത്തുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 4875 ബൂത്തുകളിലേക്കും പോളിങ് സാമഗ്രികള്‍ അതത് വിതരണ കേന്ദ്രത്തിലെ കൗണ്ടറില്‍ നിന്നും ഓരോ ബൂത്തിന്റെയും ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ കൈപ്പറ്റി പ്രത്യേക വാഹനങ്ങളില്‍ ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട്.

 

വോട്ടിങ് ഇന്ന്(ഏപ്രില്‍ ആറ്) രാവിലെ ഏഴിന് ആരംഭിക്കും. രാവിലെ അഞ്ചര മണിയോടെ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ ചെയ്ത് പരിശോധിച്ചശേഷം വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടിങ് പ്രക്രിയ വൈകീട്ട് ഏഴു വരെ തുടരും. അവസാന മണിക്കൂറില്‍ കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്യാം. കോവിഡ് രോഗികളുടെ വോട്ടിങ് സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റും നല്‍കിയിട്ടുണ്ട്. ഓരോ അര മണിക്കൂര്‍ ഇടവിട്ട് പോളിങ് ഉദ്യോഗസ്ഥര്‍ പോള്‍ മാനേജര്‍ ആപ്പ് വഴി പോളിങ് നില രേഖപ്പെടുത്തും. പോളിങ് പൂര്‍ത്തിയാകുമ്പോള്‍ വിശദമായ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം.

 

മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റ് സംവിധാനം ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 96.17 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ഈ വിഭാഗത്തില്‍ തപാല്‍ വോട്ട് അനുവദിച്ച 28190 പേരില്‍ 27108 പേര്‍ തപാല്‍ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തി. 1080 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തപാല്‍ വോട്ടിനായി അപേക്ഷിച്ച 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 23346 പേരില്‍ 22423 പേരും ഭിന്നശേഷി വിഭാഗത്തില്‍ 4765 വോട്ടര്‍മാരില്‍ 4613 പേരും കോവിഡ് രോഗബാധിത വിഭാഗത്തില്‍ 79 പേരില്‍ 72 പേരുമാണ് വോട്ട് ചെയ്തിട്ടുള്ളത്.

 

അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവരുടെ വോട്ടെടുപ്പ് അതത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്. 12ഡി ഫോം വിതരണം ചെയ്ത 1,197 പേരില്‍ 1092 പേര്‍ വിവിധ കേന്ദ്രങ്ങളിലായി വോട്ട് ചെയ്തിട്ടുണ്ട്.

 

ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ജീവനക്കാരുടെ തപാല്‍ വോട്ടുകളും ലഭിച്ചുവരുന്നു. ഇത്തവണ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അതത് മണ്ഡലങ്ങളില്‍ പ്രത്യേക വോട്ടിങ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. ഫെസിലിറ്റേഷന്‍ സെന്ററുകളിലൂടെ 12439 പേരുടെ തപാല്‍ വോട്ടാണ് ലഭിച്ചിട്ടുള്ളത്. വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്ററിലൂടെയും തപാലിലൂടെയും ജില്ലയില്‍ ഇതുവരെ 12453 പേരാണ് തപാല്‍ വോട്ട് ചെയ്തത്.

 

കാഴ്ചാപരിമിതിയുള്ള സമ്മതിദായകര്‍ക്ക് പരസഹായം കൂടാതെ വോട്ടവകാശം രേഖപ്പെടുത്തുന്നതിന് ഓരോ പോളിങ് ബൂത്തിലും ബ്രെയില്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറും ലഭ്യമാക്കിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ കാഴ്ചാപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് അവ വായിച്ച് നോക്കുന്നതിനായി നല്‍കേണ്ടതും ശേഷം വോട്ടര്‍മാര്‍ പരസഹായം കൂടാതെ തന്നെ വോട്ട് രേഖപ്പെടുത്തേണ്ടതുമാണ്.

 

ജില്ലയില്‍ 33,21,038 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്‍മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്‍മാരും 25 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്.

 

2,753 പോളിങും സ്റ്റേഷനുകളും 2,122 ഓക്‌സിലറി പോളിങ് സ്റ്റേഷനുകളുമുള്‍പ്പടെ 4,875 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

മാവോയിസ്റ്റ് ഭീഷണിയുള്ള 105 ബൂത്തുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 76 ലോക്കേഷനുകളിലായി 194 ക്രിട്ടിക്കല്‍ ബൂത്തുകളും 38 ലോക്കേഷനുകളിലായി 105 തീവ്രവാദ ഭീഷണിയുള്ള ബൂത്തുകളും രണ്ട് ലോക്കേഷനുകളിലായി ഒന്‍പത് വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. ഇവിടങ്ങളില്‍ കേന്ദ്രസായുധ സേനയുടെ സാന്നിധ്യമുണ്ടാകും. 2100 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. 86 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ റെക്കോര്‍ഡിങും ഉണ്ടാകും.