മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മിഷണർ അറിയിച്ചു. പ്രതികൾ ഒളിവിലാണ്. ആരും കസ്റ്റഡിയിൽ ഇല്ല. കേസിന്റെ ഗതി തിരിച്ചുവിടുന്ന തരത്തിൽ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും പൊലീസ് കമ്മിഷണർ അഭ്യർത്ഥിച്ചു.

 

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.