അയല്‍വാസി പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മീനങ്ങാടി മുരണി കളത്തിങ്കല്‍ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് (45) ആണ് മരണപ്പെട്ടത്. മാര്‍ച്ച് 29ന് യുവതിയെ സമീപവാസിയായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച മീനങ്ങാടി പോലിസ് നീരോട്ടുകുടി ശ്രീകാന്ത് (35) എന്നയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഉമൈബത്തിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച് ചികില്‍സ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരണപ്പെടുന്നത്.

മാര്‍ച്ച് 29 ന് വൈകുന്നേരം 5.30 ഓടെ മുരണി കനാല്‍ പാലത്തിന് സമീപത്ത് വെച്ച് ശ്രീകാന്ത് ഉമൈബത്തിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇത് കണ്ട് കൊണ്ട് ഓടി വന്ന സമീപവാസി ബക്കറ്റില്‍ എടുത്തു വെച്ച കാടിവെള്ളം ഉമൈബത്തിന്റെ ശരീരത്തില്‍ ഒഴിച്ചാണ് തീ കെടുത്തിയത്. ഉമൈബത്തിന്റെ മകന്‍ നല്‍കാനുള്ള 50 രൂപക്ക് വേണ്ടിയാണ് പ്രതി ഈ പ്രവൃത്തി ചെയ്തതെന്നാണ് പറയുന്നത്.