മൻസൂർ വധക്കേസ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും.

കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ തുടങ്ങാൻ യുഡിഎഫ് തീരുമാനിച്ചു. കേസന്വേഷണം ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മയിലിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് മൻസൂർ വധക്കേസിൻ്റെ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. സംഘം ഇന്ന് അന്വേഷണം തുടങ്ങും. റിമാൻഡിലായ ഷിനോസിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഉടൻ കോടതിയിൽ അപേക്ഷ നൽകും. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകണം എന്നുമാണ് യുഡിഎഫിൻ്റെ ആവശ്യം.

മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനും യുഡിഎഫ് നീക്കമുണ്ട്. പ്രതികളെ പിടികൂടും വരെ സമാധാന ചർച്ചകൾക്ക് ഇല്ലെന്നാണ് ഇവരുടെ നിലപാട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 പേരെയും സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പിടികൂടാൻ കഴിയാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കുന്നു. കേസിൽ 25 പ്രതികൾ ഉള്ളതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.