മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

ദമ്മാം: മലപ്പുറം സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫറുൽ ബാത്തിനിൽ മരിച്ചു. കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീൻ ആണ് മരിച്ചത്. 15 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. 10 വർഷമായി ഡി.എച്ച്.എൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

കൊണ്ടോട്ടി റോഡിൽ ചിറയിക്കാട് ഇദ്ദേഹം പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി ഒരുങ്ങുന്നതിനിടെയാണ് മരണം. മുഹമ്മദ് കുട്ടിയാണ് പിതാവ്. പരേതന് രണ്ടു പെൺമക്കളും ദുബായിൽ ജോലി ചെയ്യുന്ന ഒരു മകനുമാണുള്ളത്. പ്രവാസി സാംസ്‌കാരിക വേദിയും ഹഫർ മലയാളി കൂട്ടായ്‌മയും ഇദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.