ആ അരക്കോടിക്ക് രേഖകളുണ്ട്; രേഖ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്ന് കെ.എം ഷാജി

ബന്ധുവിന്‍റെ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് പണം സൂക്ഷിച്ചതെന്ന് കെ.എം ഷാജി എംഎല്‍എ

തന്‍റെ വീട്ടില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണത്തിന് രേഖകളുണ്ടെന്ന് കെ.എം ഷാജി എംഎല്‍എ. ബന്ധുവിന്‍റെ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് പണം സൂക്ഷിച്ചതെന്നും രേഖ ഹാജരാക്കാൻ ഒരു ദിവസത്തെ സമയം വേണമെന്നും കെ.എം ഷാജി വിജിലൻസിനെ അറിയിച്ചു. പണം തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

അരക്കോടി രൂപയാണ് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് എസ് പി ശശിധരന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പൊതുപ്രവർത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.

എംഎല്‍എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.