മന്ത്രി കെ.ടി. ജലീൽ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവർണർ സ്വീകരിച്ചു. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.

 

ധാർമികമായ വിഷയങ്ങൾ മുൻനിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീൽ രാജിക്കത്തിൽ പറയുന്നത്. എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ജലീൽ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധിയാണ് ജലീലിന്റെ രാജി അനിവാര്യമാക്കിയത്. പിണറായി സർക്കാരിൽ നിന്ന് ബന്ധു നിയമന വിവാദത്തിൽ പെട്ട് രാജിവെക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ജലീൽ. സർക്കാരിന്റെ ആദ്യകാലത്ത് ഇ.പി ജയരാജനും സമാനമായ വിവാദത്തെ തുടർന്ന് രാജിവെക്കുകയും പിന്നീട് ക്ലീൻ ചിറ്റ് ലഭിച്ചതോടെ തിരികെ മന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു.

 

സ്വർണക്കടത്ത് വിവാദത്തിലും ജലീലിനെ ചോദ്യം ചെയ്തപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട മന്ത്രിക്കാണ് ബന്ധു നിയമനത്തിൽ മന്ത്രിപദവി രാജിവെക്കേണ്ടി വന്നത്. യോഗ്യത മാനദണ്ഡം തന്നെ തിരുത്തിയാണ്ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജറായി ജലീൽ നിയമിച്ചത്. വിവാദം വലിയ ചർച്ചയായതോടെ അദ്ദേഹം മാനേജർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാനമൊഴിഞ്ഞതുകൊണ്ട് ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനിൽക്കുമെന്ന് ലോകായുക്ത വിധിച്ചു

2016ൽ മന്ത്രിയായി ജലീൽ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ അദീബിനെ നിയമിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുവന്നുവെന്നാണ് ലോകായുക്ത ഉത്തരവിൽ പറയുന്നത്. 2018 ഒക്ടോബറിൽ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവൻ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞായിരുന്നു ലോകായുക്ത വിധി. ന്യൂനപക്ഷ ധനകാര്യ വികസന കേർപ്പറേഷൻ ഡയറക്ടർ ബോർഡ് അറിയാതെയാണ് അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദേശം ജലീൽ തള്ളിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു.