മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി.

കോഴിക്കോട്: രാമനാട്ടുകരയിൽ വൻ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ കോഴിക്കോട് പയ്യനാക്കൽ ചക്കുംകടവ് സ്വദേശി അൻവറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

 

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം അൻവറിനെ പിടികൂടിയത്. വിജയവാഡയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രതി നൽകിയ മൊഴി. കോഴിക്കോട് നഗരത്തിലെ നിശാ പാർട്ടികൾക്കും കോളേജ് വിദ്യാർഥികൾക്കും വിതരണം ചെയ്യാനാണ് ഇത് എത്തിച്ചതെന്നും പ്രതി പറഞ്ഞിട്ടുണ്ട്.

 

നിശാ പാർട്ടികൾക്ക് പുറമേ, സിനിമ, കായിക രംഗത്തുള്ളവർക്കും അൻവർ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നാണ് എക്സൈസ് നൽകുന്ന വിവരം. വൻതോതിൽ ഹാഷിഷ് ഓയിൽ കടത്തിയതിന് പിന്നിൽ മറ്റുപലർക്കും പങ്കുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് എക്സൈസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള അൻവറിനെയും എക്സൈസ് സംഘം വിശദമായി ചോദ്യംചെയ്യുന്നുണ്ട്.