കരയിൽ വിരിഞ്ഞ നൂറോളം കടലാമക്കുഞ്ഞുങ്ങളെ കടലേക്ക് ഒഴുക്കി

എരമംഗലം: വെളിയങ്കോട് തീരദേശത്തെ ‘അമ്മത്തൊട്ടിലിൽ’ വിരിഞ്ഞിറങ്ങിയത് നൂറോളം കടലാമക്കുഞ്ഞുങ്ങൾ. ഫെബ്രുവരി 25-നാണ് ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെ 95 ആമമുട്ടയുമായി തീരത്തെ മണൽപ്പരപ്പിൽ കെട്ടിത്തിരിച്ചു ഹാച്ചറിപോലെയാക്കിയത്‌.

രാപകൽ വ്യത്യസമില്ലാതെ ഒന്നരമാസത്തോളം വെളിയങ്കോട് സ്വദേശി കുരിക്കളകത്ത് മുഹമ്മദ് കടലാമയുടെ മുട്ടകൾക്ക് കാവലിരുന്നു. മാർച്ച് ആദ്യത്തിൽ മൂന്ന് ആമകൾ കരയിൽക്കയറി മുട്ടയിട്ടതോടെ 333 എണ്ണമായി.

45 ദിവസത്തെ കാത്തിരിപ്പിനിടെ ആദ്യ ബാച്ച് ഒലീവ് റിഡ്‌ലി വിഭാഗത്തിലെ നൂറോളം കടലാമക്കുഞ്ഞുങ്ങളെ ജില്ലാ സോഷ്യൽ ഫോറസ്ട്രി അധികൃതരെത്തി കടലിലേക്കൊഴുക്കി.

മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുസമദ്, ദിവാകരനുണ്ണി, കൃഷ്‌ണകുമാർ, നാരായൺകുട്ടി, രാജേഷ് എന്നിവർ നേതൃത്വംനൽകി. ബാക്കിവരുന്ന ഇരുനൂറിലേറെ മുട്ടകൾ അടുത്തയാഴ്‌ചയോടെ വിരിഞ്ഞിറങ്ങും.