സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.

രാജ്യത്തെ പാവപ്പെട്ടവർക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുന്നത്. ഇതു പ്രകാരം മേയ്, ജൂൺ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യും.

ഏകദേശം 80 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏകദേശം 26,000 കോടി രൂപയോളമാണ് സർക്കാർ ഇതിനായി ചെലവഴിക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നവംബർ വരെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം സൗജന്യ ഭക്ഷ്യ ധാന്യം വിതരണം ചെയ്തിരുന്നു.

രാജ്യം കൊവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോൾ രാജ്യത്തെ പാവപ്പെട്ടവർക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,32,730 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്.