ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തും

തിരുവനന്തപുരം: ബവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകൾ ബവ്റിജസ് കോർപ്പറേഷൻ പരിശോധിച്ചത്. ആവശ്യക്കാർക്ക് മദ്യം ബെവ്കോ തന്നെ വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.

പ്രീമിയം ബ്രാൻഡുകളായിരിക്കും
പ്രീമിയം ബ്രാൻഡുകളായിരിക്കും ആദ്യഘട്ടത്തിൽ ഹോം ഡെലിവറിയിൽ ഉൾപ്പെടുത്തുക. ഹോം ഡെലവറിയ്ക്ക് പ്രത്യേക സർവീസ് ചാർജുണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക. എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങൾ വേണോയെന്നുള്ള തീരുമാനം.

സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാനായി ബവ്കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബെവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവിൽ തീരുമാനം. ഹോം ഡെലിവറി വന്നാൽ ബവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വന്നേക്കും.