മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: മെയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ.

 

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നിലവിലെ മിനി ലോക്ക് ഡൗൺ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. വിദഗ്ധസമിതിയുടെ നിർദേശം അനുസരിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപനം.

 

മിനി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. മാത്രമല്ല, പൊലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാനുമായില്ല. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 41,953 പേർക്കാണ് കേരളത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധാ നിരക്ക് 25.69 ശതമാനമാവുകയും ചെയ്തിരുന്നു.