ലോക്ക്ഡൗൺ മഹാമാരി തടയാൻ മാത്രം ; വ്യാജവാർത്ത പടർത്തി പരിഭ്രാന്തി പരത്തരുത്
തിരുവനന്തപുരം:മഹാമാരിയുടെ രണ്ടാം തരംഗം കൈവിട്ടുപോകാതിരിക്കാനുള്ള കർശന നിയന്ത്രണത്തിന്റെ പേരിലും പരിഭ്രാന്തി പടർത്താൻ ശ്രമം. ഭാഗികനിയന്ത്രണം വേണ്ടത്ര ഫലം കാണാത്തതിനാലാണ് ലോക്‌ഡൗൺ ഏർപ്പെടുത്തിയത്. ആവശ്യത്തിന് ഐസിയുവും കിടക്കയും പ്രഥമ ചികിത്സാകേന്ദ്രങ്ങളും ഓക്സിജനും ഉൾപ്പെടെ എല്ലാ സൗകര്യവും ഉറപ്പുവരുത്തിയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. പൂർണമായി അടച്ചിടുമെന്ന് പറയുമ്പോഴും നിത്യോപയോഗസാധനം ഉൾപ്പെടെ അവശ്യ സേവനങ്ങളെല്ലാം ഉറപ്പുവരുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നത് കർശനമായി വിലക്കുകയാണ് ലോക്‌ഡൗണിന്റെ ലക്ഷ്യം.
എന്നാൽ, ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ വഴിയും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സ്ഥിതിയിൽ വ്യാജവാർത്ത പ്രചരിക്കുകയാണ്. ആവശ്യത്തിന് കിടക്കയില്ല, ഓക്സിജനില്ല, ഐസിയു ഇല്ല എന്നിങ്ങനെ വാർത്തകളും തട്ടിവിട്ടു. ശ്മശാനങ്ങൾ തിങ്ങിനിറയുന്നുവെന്ന് ചില ചാനലുകളും വാർത്ത നൽകി. എന്നാൽ, ഇതേ ചാനലുകൾ ജനാഭിപ്രായം ആരാഞ്ഞപ്പോൾ അറിഞ്ഞത് അവരും ലോക്‌ഡൗൺ പ്രതീക്ഷിച്ചിരുന്നുവെന്നാണ്. ലോക്‌ഡൗൺ വരട്ടെയെന്നും എത്രയും പെട്ടെന്ന് രോഗം നിയന്ത്രിച്ചാൽ തൊഴിലിനു പോകാമല്ലോ എന്നും അവർ പ്രതികരിച്ചു.
സംസ്ഥാനത്ത് നിലവിൽ എന്തെല്ലാം സൗകര്യങ്ങളുണ്ട്, അവ എത്രമാത്രം ഉപയോഗിക്കുന്നുണ്ട് തുടങ്ങിയുള്ള വിശദാംശം ദിവസവും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ നിരക്കിൽ രോഗവ്യാപനം തുടർന്നാൽ പിന്നീട് വരാവുന്ന ആവശ്യംകൂടി കണക്കിലെടുത്താണ് സൗകര്യങ്ങൾ ഒരുക്കുന്നത്. ഇതിന്റെ ഭാഗമാണ് കേന്ദ്രത്തോട് ഓക്സിജൻ അടക്കം ആവശ്യപ്പെട്ടിട്ടുള്ളതും.