കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ഫലസ്തീന് ദമ്പതികളുടെ ഐക്യദാർഢ്യം

കുഞ്ഞ് ജനിച്ചത് പള്ളിയിൽ ആക്രമണമുണ്ടായ ദിവസം

തിരൂർ : മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലും ഇസ്രയേല്‍ ആക്രമണം നടത്തിയ ദിവസം 

ജനിച്ച കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ദമ്പതികളുടെ ഐക്യദാർഢ്യം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശികളായ വളപ്പിൽ യൂനുസ് , സുൽഫത്ത് ദമ്പതികളാണ് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യപ്പെട്ട് ഇതേ ദിവസം തങ്ങൾക്ക് ജനിച്ച പെൺകുഞ്ഞിന് അഖ്സ എന്ന് പേര് നൽകിയത്.

വിശുദ്ധ റമദാനിലെ അവസാനത്തെ വെളളിയാഴ്ച നോമ്പ് 25 ന് രാവിലെ ഒമ്പത് മണിയോടെയാണ് സുൽഫത്ത് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ ദിവസമായിരുന്നു ഫലസ്തീനികൾക്കു നേരെയുള്ള ആക്രമണത്തിന് ഇസ്രായേൽ തുടക്കമിട്ടത്.

 

അവസാന വെളളി ആയതിനാൽ ആയിരക്കണക്കിനു ഫലസ്തീനികളാണ് മസ്ജിദുല്‍ അഖ്‌സയില്‍ എത്തിയിരുന്നത്. നിരവധി പേർക്ക് ഇസ്രായേൽ ആക്രമണത്തിൽ പരുക്കേറ്റു.

ഇസ്രായേല്‍ പൊലിസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ചാണ് എതിരിട്ടത്. പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു.

യൂനുസ്

രാത്രിയിലാണ് യൂനുസ് ഈ വാർത്തകളറിയുന്നത് . ഫലസ്തീൻ ജനതയുടെ വേദന ഓർത്ത് മനസ് അസ്വസ്ഥമായി. ഭാര്യയുമായി വിഷയം പങ്കുവച്ചു. ഒടുവിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യമായി ലോക ജനത ആദരിക്കുന്നു മസ്ജിദുൽ അഖ്സയുടെ പേര് തൻ്റെ കുഞ്ഞിന് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യൂനുസ്  പറഞ്ഞു.

 

പ്രവാസിയായിരുന്ന യൂനുസ് ഇപ്പോൾ നാട്ടിൽ പാചക തൊഴിലാളിയാണ്. ഫലസ്തീനിലും ഗാസയിലും വർഷങ്ങളായി നടക്കുന്ന ഇസ്രായേൽ അതിക്രമങ്ങളും ഫലസ്തീനികളുടെ വിമോചന പോരാട്ടങ്ങളും നിരീക്ഷിക്കാറുണ്ടെന്ന് യൂനുസ് പറഞ്ഞു. മസ്ജിദുൽ അഖ്സയുടെയും ജറുസലേമിൻ്റെയും പൂർണ്ണ മോചനം സാധ്യമായി ഫലസ്തീനിൽ സമാധാനം എത്രയും വേഗം പുലരട്ടെയെന്നാണ് യൂനുസിൻ്റെയും കുടുംബത്തിൻ്റെയും പ്രാർത്ഥന.