കോവിഡ് മരണം: വിശുദ്ധഗ്രന്ഥ പാരായണം, തീർഥം തളിക്കൽ തുടങ്ങി മതചടങ്ങുകൾ അനുവദിക്കും. ചിതാഭസ്മം ശേഖരിക്കാം.
കേരള സർക്കാരിന്റെ പുതിയ മാർഗരേഖ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസമനുസരിച്ച് ആചാരപ്രകാരം സംസ്കാരമെന്ന് സംസ്ഥാന സർക്കാരിന്റെ മാർഗരേഖ. മരണം വീട്ടിൽ വച്ചാണെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കണം. ആശുപത്രിയിൽ മരിച്ചാൽ രോഗിയുടെ മേൽവിലാസം ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ സംസ്കരിക്കാൻ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു ബന്ധുക്കൾക്ക് മൃതദേഹം കൊണ്ടുപോകാം.
ആശുപത്രി വാർഡിൽനിന്ന് മൃതദേഹം മാറ്റുംമുമ്പ് ബന്ധുക്കൾക്ക് സുരക്ഷാ മുൻകരുതലുകളോടെ കാണാൻ അനുവാദമുണ്ട്. കോവിഡ് സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സാംപിൾ ശേഖരിക്കും. പരിശോധനാഫലത്തിന് കാക്കാതെതന്നെ മൃതദേഹം വിട്ടുനൽകും. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്കും മൃതദേഹം വിട്ടുകൊടുക്കും. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾക്ക് തദ്ദേശസ്ഥാപന അധികൃതർ സഹായിക്കും.
കോവിഡ് സംശയിക്കുന്ന ആളാണെങ്കിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാരം. പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വൊളന്റിയർമാരെയോ മാത്രമേ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗിൽ സ്പർശിക്കാൻ അനുവദിക്കുകയൊള്ളു. വിശുദ്ധഗ്രന്ഥ പാരായണം, തീർഥം തളിക്കൽ തുടങ്ങി മൃതദേഹത്തിൽ സ്പർശിക്കാതെയുള്ള മതചടങ്ങുകൾ അനുവദിക്കും. മൃതദേഹം സംസ്കരിക്കാനുള്ള കുഴിക്ക് കുറഞ്ഞത് ആറടി താഴ്ചവേണം. ചിതാഭസ്മം ശേഖരിക്കാൻ തടസ്സമില്ല.
മൃതദേഹം ജില്ലവിട്ട് കൊണ്ടുപോകണമെങ്കിൽ ആശുപത്രിയിൽനിന്ന് മരണസർട്ടിഫിക്കറ്റ്, ലഭ്യമായ പരിശോധനാ സർട്ടിഫിക്കറ്റുകൾ എന്നിവ നൽകണം.കോവിഡ് രോഗിയുടെ പോസ്റ്റ്‌മോർട്ടം അത്യാവശ്യമുണ്ടെങ്കിൽ മാത്രമാണ് നടത്തുക. മൃതദേഹം എംബാം ചെയ്യാൻ അനുമതിയില്ല.