താലൂക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭർത്താവിനെ സിഐ മർദ്ദിച്ചതായി പരാതി.
ലോക്ഡൗൺ ലംഘിച്ചതിനും കണ്ടെയ്ൻമെന്റ് സോൺ പരിധിവിട്ട് പുറത്തിറങ്ങിയതിനുമാണ് പ്രമോദിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ്
പരപ്പനങ്ങാടി: റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്കെത്തിക്കാനായി റോഡിലിറങ്ങിയ ഭർത്താവിനെ പോലീസ് മർദിച്ചതായി പരാതി. പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി മാളിയിൽ പ്രമോദിനെ പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് മർദിച്ചതായാണ് ആരോപണം. മർദനത്തിൽ പരിക്കേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തേടി.
ഞായറാഴ്ച രാവിലെ പരപ്പനങ്ങാടി അയപ്പൻകാവിലായിരുന്നു സംഭവം. പ്രമോദിന്റെ ഭാര്യ ലേഖ തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ജീവനക്കാരിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലേഖയ്ക്ക് ഞായറാഴ്ചയും ജോലിക്ക് ഹാജരാകേണ്ടതുണ്ടായിരുന്നു. ഭാര്യയെ ഓഫീസിൽ ഡ്യൂട്ടിക്കെത്തിക്കാനായാണ് പ്രമോദും ഒപ്പം പോയത്. എന്നാൽ ലോക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് സി.ഐ. ഹണി കെ. ദാസ് പ്രമോദിനെ മർദിച്ചെന്നും മൊബൈൽഫോൺ പിടിച്ചുവാങ്ങിച്ചെന്നുമാണ് പരാതി. വിവരമറിഞ്ഞെത്തിയ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരോട് സി.ഐ. തട്ടിക്കയറിയതായും ആരോപണമുണ്ട്. സംഭവത്തിൽ ലേഖ ജില്ലാ കളക്ടർക്ക് പരാതി നൽകി.
അതേസമയം, ലോക്ഡൗൺ ലംഘിച്ചതിനും കണ്ടെയ്ൻമെന്റ് സോൺ പരിധിവിട്ട് പുറത്തിറങ്ങിയതിനുമാണ് പ്രമോദിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് പ്രതികരിച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കണ്ടെയ്ൻമെന്റ് സോണിന്റെ പുറത്തിറങ്ങി പ്രധാന റോഡിലാണ് ഇയാൾ നിന്നിരുന്നത്. ഭാര്യ കൂടെയുണ്ടായിരുന്നില്ല. സത്യവാങ്മൂലവും കൈയിലുണ്ടായിരുന്നില്ല. തുടർന്ന് ലോക്ഡൗൺ ലംഘിച്ചതിന് കേസെടുക്കുമെന്നും സ്റ്റേഷനിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഇയാൾ തട്ടിക്കയറി സംസാരിച്ചെന്നും അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കമുണ്ടാവുകയാണ് ചെയ്തതെന്നും സി.ഐ. പറഞ്ഞു. വിവരമറിഞ്ഞ് തഹസിൽദാർ വിളിച്ചിരുന്നു. അത്ര രസത്തിലല്ല അദ്ദേഹം വിളിച്ചുസംസാരിച്ചത്. തുടർന്ന് ഡെപ്യൂട്ടി തഹസിൽദാരും കാര്യം തിരക്കിയെത്തി. ലോക്ഡൗൺ ലംഘിച്ചതിനുള്ള നിയമനടപടിയാണ് സ്വീകരിച്ചതെന്നും തനിക്കെതിരേ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരെ ബോധിപ്പിക്കാമെന്നുമാണ് അവരോട് പറഞ്ഞതെന്നും സി.ഐ. ഹണി കെ.ദാസ് വിശദീകരിച്ചു.