സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

മൺസൂൺ സാഹചര്യം മുന്നിൽ കണ്ടും ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.

തിരുവനന്തപുരം: കോവിഡിന് പിന്നാലെ സംസ്ഥാനത്ത് ബ്ലാക്ഫംഗസ് കേസുകൾ ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. ഇതുവരെ 26 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. വയനാട്, കാസർകോട് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിലാണ് കൂടുതലും രോഗികളുള്ളത്. 11 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. മൂന്ന് പേരുടെ സർജറി പൂര്‍ത്തിയായി. മരുന്നുകൾ എത്തിയതോടെ മരുന്ന് ക്ഷാമം പരിഹരിക്കാനായി. മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് സർക്കാരിന് കൈമാറി.ആശുപത്രിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറ‍ഞ്ഞു. കോവിഡ് പ്രതിരോധവുമായി ശക്തമായാണ് സർക്കാർ മുന്നോട് പോകുന്നത്. ലോക് ഡൗണിന്‍റെ ഗുണം പ്രതിഫലിക്കണമെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി വേണ്ടി വരും. ടിപിആര്‍ നിരക്ക് കുറയുന്നത് ആശ്വാസകരമാണ്. ലോക്‍ഡൌണിൽ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മൺസൂൺ സാഹചര്യം മുന്നിൽ കണ്ടും ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ബ്ലാക് ഫംഗസ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഡെത്ത് റേറ്റ് കുറവാണ് എന്നത് മാത്രമാണ് ഇതിൽ ആശ്വാസകരമായ കാര്യം. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല, ആരോഗ്യ വകുപ്പ് കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്പൂർണ വാക്സിൻ വിതരണം നടത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. അതിന് വേണ്ട നടപടികൾ പുരോഗമിക്കുന്നു. വാക്സിൻ ലഭ്യമാക്കുകയെന്നതാണ് പ്രധാനം. 45 വയസിന് മുകളിൽ കൂടുതൽ ഉള്ള ആളുകൾക്ക് വാക്സിൻ വിതരണം നടത്തുക എന്നതാണ് പ്രധാനം. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഉപദേശങ്ങളും സ്വീകരിച്ചാവും മുന്നോട്ട് നീങ്ങുക. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാവരും ചേർന്നുള്ള യോജിച്ച പ്രവർത്തനങ്ങളാവും സർക്കാർ നടത്തുകയെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച രോഗിയുടെ ആഭരണങ്ങൾ കവർന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മോഷണം ഉണ്ടായി എന്ന് ബോധ്യപ്പെടുന്ന പക്ഷം കർശന നടപടികൾ ഉണ്ടാകുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതിനിടെ വയനാട്ടില്‍ ഫംഗസ് സ്ഥിരീകരിച്ചയാളെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിൽ 6 പേർ ചികിത്സയിലുണ്ട്. ഇതിൽ 2 പേർ പത്തനംതിട്ട സ്വദേശികളാണ്. രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വിദഗ്‍ധരുടെ വിശദീകരണം.