ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ തിരഞ്ഞ് പൊലിസ്.

വീടിനു പിന്നിലെ തോട്ടിൽ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽക്കാരനായ നിധീഷ് തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി

കണ്ണൂർ: ഇരിട്ടിയിൽ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ തിരഞ്ഞ് പൊലിസ്. അയൽവാസിയായ വി കെ നിധീഷാണ് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ കൊണ്ടുപോയി പതിനാലുകാരിയെ പീഡിപ്പിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി ജില്ല വിട്ടെന്നാണ് ഇരിട്ടി പൊലീസ് പറയുന്നത്.

ഈ മാസം ഇരുപതിനാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. വീടിനു പിന്നിലെ തോട്ടിൽ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽക്കാരനായ നിധീഷ് തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. കൂട്ടിയെ പീഡിപ്പിച്ച് മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെൺകുട്ടിയുടെ അച്ഛനെ ഇയാൾ അറിയിച്ചു. കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്.

അച്ഛന്‍റെ പരാതിയിൽ പോക്സോ, എസ് സി എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കുന്നുംപുറത്ത് ഹൗസിൽ വി കെ നിധീഷ് പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ കൊല്ലം ജില്ലയിലുണ്ടെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാൾ കൊല്ലത്തുള്ള സുഹൃത്തിന്‍റെ അടുത്തേക്കാണോ പോയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.