ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്ര-ജനാധിപത്യ പൈതൃകം സംരക്ഷിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി
ജനാധിപത്യ അവകാശങ്ങളും സാംസ്കാരിക തനിമയും സംരക്ഷിക്കാനുള്ള ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി. ഇന്നലെ അടിയന്തിരമായി വിളിച്ച ദേശീയ കമ്മിറ്റിയാണ് ലക്ഷദ്വീപ് ജനതയോട് മുസ്ലിം ലീഗിൻറെ ഐകൃദാർഢ്യം പ്രഖ്യാപിച്ചത്.
അതിരു വിട്ട അധികാര പ്രയോഗങ്ങളെയും കച്ചവട താൽപര്യങ്ങളെയും വർഗീയവൽക്കരിച്ച് ശ്രദ്ധ തിരിക്കുന്ന പതിവ് തന്ത്രത്തിൽ രാജ്യത്തെ പൊതു സമൂഹം വീണുപോകരുത്.
കേന്ദ്ര സർക്കാർ നിയോഗിച്ച ഒരു അഡ്മിനിസ്ട്രേറ്റർ ഒരു ജനതയുടെ എല്ലാ അവകാശങ്ങളും കവർന്നെടുക്കുകയാണ്. ദ്വീപിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിമിതമായ സ്വാതന്ത്ര്യവും കവർന്നെടുക്കുകയാണ്.
ഭൂമി കൈയ്യേറുന്നു. പരിസ്ഥിതിയെ തകർക്കുന്നു. മൗലികാവശങ്ങൾ കവരുന്നു. നിയമവാഴ്ച പൂർണമായും അട്ടിമറിക്കപ്പെടുന്നു. ഈ അർത്ഥത്തിലുള്ള പരിഷ്കാരങ്ങളെ ചെറുക്കണം.
സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും തകർത്ത് അധീനതയിലാക്കുക എന്നതാണ് ലക്ഷ്യം.
ശാന്തി പൂർണമായ അന്തരീക്ഷം നിലനിൽക്കുന്ന ദീപിൽ പാസ ( പ്രൊട്ടക്ഷൻ ഫ്രം ആൻ്റി സോഷ്യൽ ആക്റ്റിവിറ്റീസ് റഗുലേഷൻ) പോലെയുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് ഗൂ ഡോദ്ദേശ്യപരമാണ്.
ഇത് കോളനി ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന നീക്കമാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളിൽ അണിനിരക്കാനും മുസ്ലിം ലീഗ് ദേശീയ നേതൃ യോഗം ആഹ്വാനം ചെയ്തു.