ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു; ലക്ഷദ്വീപ് സ്വദേശിനിയായ അഭിഭാഷകയെ പോലിസ് നിരീക്ഷണത്തിലാക്കി

കൊച്ചി: ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ, പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ലക്ഷദ്വീപ് സ്വദേശിനിയായ അഭിഭാഷകയെ ലക്ഷദ്വീപ് പോലിസ് നിരീക്ഷണത്തിലാക്കി. പോലിസിന്റെ നിരീക്ഷത്തെക്കുറിച്ചുള്ള വിവരം അഭിഭാഷകയായ ഫസീല ഇബ്രാഹിം തന്നെയാണ് മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം ഫസീല ലക്ഷദ്വീപ് വിഷയത്തെക്കുറിച്ച് ഏഷ്യാനെറ്റിനോടും അല്‍ജസീറയോടും സംസാരിച്ചിരുന്നു. അടുത്ത ദിവസം മിനിക്കോയ് ഐലന്റ് പോലിസ് സ്‌റ്റേഷനിലെ സിഐ അക്ബര്‍, ഫസീലയുടെ പിതാവിനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവുണ്ടെന്നാണ് സിഐ പറഞ്ഞത്. ഏതൊക്കെ മാധ്യമങ്ങളോടാണ് സംസാരിക്കുന്നത്, ജനനത്തീയതി എതാണ്, അവസാനം നാട്ടില്‍ വന്നുപോയത് എന്നാണ്, പിതാവ് വിരമിച്ചതെന്നാണ്, അഡ്രസ് എന്താണ് തുടങ്ങിയ കാര്യങ്ങളും ചോദിച്ചുമനസ്സിലാക്കി. സോഷ്യല്‍ മീഡിയ അക്കൗണ്ടും പരിശോധിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.

 

”ഞാന്‍ കഴിഞ്ഞദിവസം ഏഷ്യാനെറ്റില്‍ ലക്ഷദ്വീപ് വിഷയത്തെ പറ്റി സംസാരിച്ചിരുന്നു. അല്‍ ജസീറ ചാനലിനോടും സംസാരിച്ചിരുന്നു. ഇന്ന് രാവിലെ മിനിക്കോയ് ഐലന്റ് പോലിസ് സ്റ്റേഷനിലെ സി.ഐ അക്ബര്‍ എന്റെ അച്ഛനെ വിളിച്ചു. ന്യൂസ് മീഡിയയോട് മകള്‍ സംസാരിക്കുന്നുണ്ടെന്നും അവരെ പറ്റി അന്വേഷിക്കാന്‍ അറിയിപ്പുണ്ടെന്നുമാണ് സി.ഐ വ്യക്തമാക്കിയത്. അധികം വൈകാതെ സി.ഐ എന്നെയും വിളിച്ചു. ജനന തിയതി എന്നാണ്, ഏതൊക്കെ മീഡിയയോട് സംസാരിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് അയാള്‍ക്ക് അറിയേണ്ടത്. എന്റെ സോഷ്യല്‍ മീഡിയ എക്കൗണ്ടും നിരീക്ഷിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു”- ഫസീല ഒരു സ്വകാര്യമാധ്യത്തോട് പറഞ്ഞു.

 

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ പോലിസ് സ്‌റ്റേഷനില്‍നിന്ന് ഫോണ്‍ വരാറുണ്ടോ എന്ന് ഫസീല ചോദിച്ചു. പോലിസ് തന്റെ അഭിപ്രായസ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും അവര്‍ പരാതിപ്പെട്ടു.